രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന് അമിത് ഷാ; അമേഠിയിലെ ജനങ്ങളെ പേടി
ദില്ലി: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അമേഠിയിലെ ജനങ്ങളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെയെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അമേഠിയില്‍ ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ചോദിക്കുമെന്ന ഭയമാണ് ഓടിപ്പോകാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേഠിയിലും വയനാട്ടിലും ബിജെപി ജയിക്കുമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രഥമ പരിഗണന എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തില്‍കൂടി മല്‍സരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. പ്രഖ്യാപനം വരുന്നതിന് മുമ്പെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ചോദ്യം ചെയ്യലും പരിഹാസവും പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
എന്തിനാണ് രാഹുല്‍ ഗാന്ധി യുപിയിലെ അമേഠിക്ക് പുറമെ വയനാടിലും മല്‍സരിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം. അമേഠിയില്‍ പരാജയപ്പെടുമെന്ന തോന്നലാണ് സുരക്ഷിത മണ്ഡലമായ വയനാട് തിരഞ്ഞെടുക്കാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നു.
യുപിയിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദര മണ്ഡലത്തിലും നരേന്ദ്ര മോദി 2014ല്‍ മല്‍സരിച്ചിരുന്നു. അന്ന് മോദി രണ്ട് സീറ്റില്‍ മല്‍സരിച്ചത് പരാജയഭീതി മൂലമായിരുന്നോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.












Click it and Unblock the Notifications