രണ്‍ബീര്‍ കപൂര്‍ വെട്ടില്‍; 17 താരങ്ങളും ഇഡിയുടെ റഡാറില്‍... ബോളിവുഡില്‍ ഞെട്ടല്‍
മുംബൈ: പ്രമുഖ സിനിമാ താരം രണ്‍ബീര്‍ കപൂറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കം. താരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഇഡി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ പ്രമുഖരടക്കം 17 താരങ്ങള്‍ കൂടി ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് രണ്‍ബീര്‍ കപൂറിനെ ഇഡി ചോദ്യം ചെയ്യാന്‍ പോകുന്നത്. നിയമവിരുദ്ധമായ പണമിടപാടിന് അടുത്തിടെ വിവാദത്തിലായിരുന്നു മഹാദേവ് ആപ്പ്. മല്‍സരങ്ങള്‍ നടക്കവെ തല്‍സമയ വാതുവെപ്പ് നടത്തി കോടികളുടെ ഇടപാട് നടത്തുന്നു എന്നാണ് ഈ ആപ്പിന്റെ മേധാവികള്‍ക്കെതിരായ ആരോപണം.

മഹാദേവ് ആപ്പിന്റെ ഉടമസ്ഥരില്‍ ഒരാളായ സൗരഭ് ചന്ദ്രകാറിന് പാകിസ്താനുമായി ബന്ധമുണ്ട് എന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു. ബിസിനസുകാരുമായും ഹവാല ഇടപാടുകാരുമായും സൗരഭിന് ബന്ധമുണ്ടത്രെ. സൗരഭിന്റെ വിവാഹം അടുത്തിടെ ദുബായില്‍ വച്ച് അത്യാഢംബരമായി നടന്നിരുന്നു. നിരവധി സെലിബ്രിറ്റികളാണ് ഇതില്‍ പങ്കെടുത്തത്.
സൗരഭിന്റെ വിവാഹത്തില്‍ പങ്കെടുത്തവരുടെ പണമിടപാടുകള്‍ ഇഡി അന്വേഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗരഭിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയിലും കമ്പനിയുടെ വിജയത്തിന്റെ ഭാഗമായുള്ള പാര്‍ട്ടി കഴിഞ്ഞ വര്‍ഷം സെപ്തംബറിലും നടത്തിയിരുന്നു. ഈ രണ്ട് പരിപാടിയിലും പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ആപ്പിന്റെ പ്രചാരണത്തിന് വേണ്ടി രണ്‍ബീര്‍ കപൂറിന് കമ്പനി പണം നല്‍കിയെന്ന വിവരമാണ് ഇഡി അന്വേഷിക്കുന്നത്. സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍. വാതുവെപ്പിലൂടെ ഇവര്‍ സമ്പാദിക്കുന്ന പണം താരങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ആപ്പ് വലിയ തുക നല്‍കുന്ന താരങ്ങളില്‍ ഒരാളാണ് രണ്‍ബീര്‍ എന്ന വിവരവും ഇഡി അന്വേഷിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ വഴി മഹാദേവ് ആപ്പിന്റെ പ്രചാരണം ചില സെലിബ്രിറ്റികള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ വാതുവെപ്പിന് നിരോധനമുണ്ട്. തുടര്‍ന്ന് മഹാദേവ് ആപ്പ് ദുബായ് കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നതത്രെ. ഈ ആപ്പ് വഴി 5000 കോടിയുടെ പണമിടപാട് നടന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
സൗരഭിന്റെ വിവാഹത്തിന് 200 കോടി രൂപ ചെലവഴിച്ചു എന്ന വിവരമാണ് നേരത്തെ വിവാദമായത്. വിവാഹത്തില്‍ പങ്കെടുത്ത ചില താരങ്ങളെ നേരത്തെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. വിവാഹം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടിയും ഹോട്ടല്‍ ബുക്കിങിന് 42 കോടി രൂപയും ചെലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. കൊല്‍ക്കത്ത, ഭോപ്പാല്‍, മുംബൈ എന്നിവിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications