പാക് കസ്റ്റഡിയില്‍ അഞ്ച് ദിവസം; ഭര്‍ത്താവിന്റെ മോചനം അഭ്യര്‍ത്ഥിച്ച് ഗര്‍ഭിണിയായ ഭാര്യ; നീതി തേടി യാത്ര
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന വേളയിലാണ് ഇന്ത്യന്‍ ജവാന്‍ പാകിസ്ഥാന്റെ പിടിയിലാകുന്നത്. പഞ്ചാബ് അതിര്‍ത്തിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെയാണ് പാക് റേഞ്ചേഴ്‌സ് പിടികൂടിയത്. ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാനാണ് ഇദ്ദേഹം.
പാകിസ്ഥാന്റെ പിടിയിലായി അഞ്ചു ദിവസമായിട്ടും മോചനം വൈകുന്ന സാഹചര്യത്തില്‍ നീതി തേടിയുള്ള യാത്രയിലാണ് മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ രജനി. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ സുരക്ഷ ഡ്യൂട്ടിക്കിടെയാണ് അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ മേഖലയിലേക്ക് ജവാന്‍ എത്തിപ്പെട്ടത്. ഇതിനു പിന്നാലെ പാകിസ്ഥാന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം യാതൊരു വിവരവും ഭര്‍ത്താവിനെക്കുറിച്ച് ലഭിച്ചിട്ടില്ലെന്ന് രജനി പറഞ്ഞു.

ഭര്‍ത്താവിന്റെ മോചനം ഇതുവരെയും സാധ്യമാകാത്ത സാഹചര്യത്തില്‍ രജനയും ഏഴു വയസുള്ള മകനും കുടുംബാംഗങ്ങളും പഞ്ചാബിലെ പഠാന്‍കോട്ടിലേക്കു യാത്ര തിരിച്ചു. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചാണ് പൂര്‍ണം ഷായെ പാകിസ്ഥാന്‍ സൈന്യം കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ പഞ്ചാബില്‍ പോയി നേരിട്ട് കാര്യങ്ങള്‍ തിരക്കാനും ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് മോചനം വൈകിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാനുമാണ് രജനി പഞ്ചാബിലേക്കു പോകുന്നത്. ട്രെയിന്‍ മാര്‍ഗമാണ് യാത്ര.
ബംഗാളിലെ ഹൂഗ്‌ളിയിലാണ് പൂര്‍ണം കുമാര്‍ ഷായുടെ വീട്. ജവാന്റെ മോചനം സംബന്ധിച്ച് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുന്നില്ലെന്ന പരാതിയും രചനിക്കുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ട് പോയി കാര്യങ്ങള്‍ തിരക്കുന്നത്. ഇവിടെ നിന്ന് തന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ഡല്‍ഹിക്ക് പോകാനാണ് രജനിയുടെ തീരുമാനം. തന്റെ ഭര്‍ത്താവിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് രജനി അഭ്യര്‍ത്ഥിച്ചു.
അതേസമയം പൂര്‍ണം ഷായെ മോചിക്കാനുള്ള എല്ലാ തീവ്ര ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചു. ജവാന്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തികളില്‍ ഇന്ത്യ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
പാകിസ്ഥാന്‍ സൈന്യം തന്റെ ഭര്‍ത്താവിനെ പിടികൂടിയിട്ട് നാല് ദിവസം കഴിഞ്ഞെന്നും ഇതുവരെ മോചനം സംബന്ധിച്ച് വ്യക്തമായ മറുപടി തനിക്ക് ലഭിച്ചില്ലെന്നും കഴിഞ്ഞ ദിവസം രജനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു
'വിഷമിക്കരുതെന്ന് മാത്രമാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നോട് ആവശ്യപ്പെടുന്നത്. ഞാന്‍ അനുഭവിക്കുന്ന വേദന വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല. എനിക്ക് വലിയ ആശങ്കയുണ്ട്. എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരും എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാനാണ് താന്‍ പഞ്ചാബിലേക്കു പോകുന്നതെന്ന് രജനി പറഞ്ഞു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും മോചനത്തിനായി സമീപിക്കുമെന്നും രജനി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications