എതിർക്കുന്നവർ എതിർക്കട്ടെ, എന്ത് വന്നാലും പൗരത്വം നിയമഭേദഗതി നടപ്പിലാക്കുമെന്ന് അമിത് ഷാ
ദില്ലി: രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമത്തെ വിമർശിക്കുന്നവർ അവർക്ക് കഴിയുന്നത്ര എതിർക്കട്ടെയെന്നും അമിത് ഷാ ദില്ലിയിൽ പറഞ്ഞു.
എന്തു തന്നെ സംഭവിച്ചാലും മോദി സർക്കാർ അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പാക്കും, ഇവർ ഇന്ത്യക്കാരായി അഭിമാനത്തോടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കും- ദില്ലി ദ്വാരകയിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ സിലാംപൂരിൽ പ്രതിഷേധം അണപൊട്ടിയതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പരാമർശം.

ആരുടെയും പൗരത്വം ഈ നിയമം മൂലം നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പറയാനുള്ളത് ആദ്യം അതിന്റെ അർത്ഥം മനസിലാക്കണം എന്നാണ്. നിയമത്തിന്റെ പൂർണരൂപം സർക്കാർ വെബ്സൈറ്റിലുണ്ട്. ഇത് എല്ലാവർക്കും വായിക്കാവുന്നതാണ്. സബ്കാ സാത്, സബ്കാ വികാസ് എന്നാതാണ് ഞങ്ങളുടെ മുദ്രാവാക്യം, ആരോടും ഞങ്ങൾ അനീതി ചെയ്യുകയില്ല. കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡനത്തിന് ഇരയായ ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. നെഹ്റു-ലിഖായത് കരാറിലെ ഉടമ്പടി പ്രകാരം ഈ ജനങ്ങൾക്ക് പാകിസ്താനിൽ അഭയം നൽകണമായിരുന്നു, എന്നാൽ അത് നടന്നില്ല, ഹിന്ദുക്കളും സിഖുകാരും അടങ്ങുന്ന ന്യൂനപക്ഷം ഇന്ത്യയിലല്ലാതെ മറ്റെവിടെ അഭയം പ്രാപിക്കും- അമിത് ഷാ ചോദിച്ചു. അവരുടെ ജീവിത സാഹചര്യം എങ്ങനെയാണെന്ന് കണ്ട് മനസിലാക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളോട് പറയാനുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.












Click it and Unblock the Notifications