• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനിൽ പഞ്ചാബ് മോഡൽ ആവർത്തിക്കുമോ? ഗെഹ്ലോട്ട് ക്യാമ്പിലെ ആശങ്ക..ഇനിയുള്ള സാധ്യതകൾ

Google Oneindia Malayalam News

ദില്ലി; രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മാസങ്ങളോളം നീണ്ടു നിന്ന ശീതസമരത്തിന് മന്ത്രിസഭ വികസനത്തോടെ പരിഹാരം കണ്ടിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്. സച്ചിൻ പക്ഷത്തെ അഞ്ച് നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു മന്ത്രിസഭ വികസനം. പാർട്ടിയിൽ ഇപ്പോൾ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഗെഹ്ലോട്ടും സച്ചിനും പുനസംഘടനയ്ക്ക് ശേഷം പ്രതികരിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള അധികാര വടംവലി പാർട്ടിക്ക് വലിയ പ്രതിസന്ധിയായിരുന്നു തീർത്തിരുന്നത്.

അതേസമയം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയ നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പഞ്ചാബിന് സമാനമായ സാഹചര്യത്തിലേക്കാണ് രാജസ്ഥാനും നീങ്ങുന്നതെന്ന വിലയിരുത്തൽ ശക്തമാകുകയാണ്. അതിന് ചില കാരണങ്ങൾ ഉണ്ട്.

സച്ചിൻ പൈലറ്റും സിദ്ധുവും

2017 ൽ പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിലേറയത് മുതൽ തന്നെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും-നവ ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം കോൺഗ്രസിൽ ഉടലെടുത്തിരുന്നു. അധികാരത്തിലേറിയ പിന്നാലെ തന്റെ മുഖ്യമന്ത്രി മോഹം സിദ്ധു മറച്ച് വെച്ചിരുന്നുമില്ല. 2019 ലായിരുന്നു അമരീന്ദറും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ധുവിനെ മന്ത്രിസഭ അഴിച്ചുപണിയിൽ അമരീന്ദർ സുപ്രധാന വകുപ്പിൽ നിന്നും മാറ്റി. സിദ്ധുവിന് മികച്ച പ്രവർത്തനം നടത്താൻ സാധിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ തിരുമാനത്തിൽ ചെടിച്ച സിദ്ധു മന്ത്രിസഭയിൽ നിന്നും രാജിവെയ്ക്കുകയും രാഷ്ട്രീയത്തിൽ നിന്ന് തന്നെ വിട്ട് നിൽക്കുകയും ചെയ്തു. പിന്നീട് ഹൈക്കമാൻറ് ഇടപെട്ടായിരുന്നു സിദ്ദുവിന്റെ മടക്കം. അതേസമയം അമരീന്ദറിനെതിരെ പടനയിക്കാൻ കച്ചകെട്ടിയായിരപന്നു സിദ്ദു തിരിച്ചെത്തിയത്.
അമരീന്ദർ പാർട്ടിയിൽ സ്വന്തം നിലയിൽ തിരുമാനം കൈക്കൊള്ളുന്നുന്നു, സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പോലീസ് വെടിവയ്പ്പിലെയും പ്രധാന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചില്ലെന്നതുൾപ്പെടയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സിദ്ദു അമരീന്ദറിനെ പടനയിച്ചത്. ഒടുവിൽ ആ നീക്കം വിജയിച്ചു, അമരീന്ദറിനെ ഹൈക്കമാന്റ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി.

 സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ട് തർക്കം

രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2018 ൽ സംസ്ഥാനത്ത് ഭരണം പിടിക്കുന്നതിൽ പി സി സി അധ്യക്ഷൻ കൂടിയായിരുന്ന സച്ചിൻ പൈലറ്റിന് നിർണായ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ത്നനെ മുഖ്യമന്ത്രി പദത്തിനായി സച്ചിൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിന് നറുക്ക് വീഴുകയായിരുന്നു. സമവായം എന്ന നിലയിൽ സച്ചിൻ പൈലറ്റിനെ നേതൃത്വം ഉപമുഖ്യമന്ത്രിയുമാക്കി. അന്ന് മുതൽ പക്ഷേ ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചു. രാജസ്ഥാനിൽ സർക്കാർ ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങൾ നടത്തുന്നതിലും ഇരുവരും പരസ്പരം പോരടിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിൻ തന്റെ അനുയായികളായ 18 എം എൽ എമാർക്കൊപ്പം കോൺഗ്രസ് ക്യാമ്പ് വിട്ടിരുന്നു. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റതെ താൻ കോൺഗ്രസിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് ആണ് സച്ചിനെ തിരിച്ചെത്തിച്ചത്.

മന്ത്രിസഭ പുനഃസംഘടന ഗെഹ്ലോട്ടിനും പൈലറ്റിനും നൽകുന്ന സന്ദേശമെന്ത്?

ഗെഹ്ലോട്ടിന്, രാജസ്ഥാനിൽ 'വൺമാൻ ഷോ' നടത്താൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഹൈക്കമാന്റ് മന്ത്രിസഭ പുനഃസംഘടനയിലൂടെ നൽകിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല പുതിയ സർക്കാരിൽ പൈലറ്റ് അനുകൂലികളെ ഉൾക്കൊള്ളിക്കാനും ഗെഹ്ലോട്ട് നിർബന്ധിതനായി. സച്ചിൻ പക്ഷത്തെ അഞ്ച് പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. പൈലറ്റ് പക്ഷത്തെ നേതാക്കളെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ പരാമവധി ശ്രമങ്ങൾ ഗെഹ്ലോട്ട് നടത്തിയിരുന്നുവെങ്കിലും ഹൈക്കമാന്റ് അദ്ദേഹത്തെ വിളിച്ച് വരുത്തി മന്ത്രിസഭ വികസനം പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം തന്റെ പക്ഷത്തെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന സച്ചിന്റെ ആവശ്യങ്ങൾ ഹൈക്കമാന്റ് പരിഗണിച്ചതോടെ 2023 ൽ അധികാരം നിലനിർത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സച്ചിന്റെ വഴി കൂടി ഇപ്പോഴത്തെ നീക്കങ്ങൾ സൂചന നൽകുന്നതെന്ന വിലയിരുത്തലുകൾ ഉണ്ട്.

 രാജസ്ഥാനിൽ ഇനിയെന്ത് ?

അമരീന്ദർ-സിദ്ദു തർക്കത്തിൽ ഗാന്ധി കുടുംബം സിദ്ദുവിനെയായിരുന്നു തുടക്കം മുതൽ പിന്തുണച്ചിരുന്നത്. 2022 ൽ പഞ്ചാബിൽ കോൺഗ്രസിന് അധികാര തുടർച്ച ലഭിച്ചാൽ സിദ്ദുവിന് മുഖ്യമന്ത്രി പദം ലഭിച്ചേക്കുമെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് കൂടിയായിരുന്നു അമരീന്ദറിനെതിരായ സിദ്ദുവിന്റെ നീക്കത്തെ 40 എം എൽ എമാർ പിന്തുണച്ചതും. രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ വിമത നീക്കം നടത്തിയിട്ടും തിരിച്ചെത്തിയ സച്ചിന് ഹൈക്കമാന്റിന്റെ പൂർണ പിന്തുണയുണ്ട്. മടങ്ങിയെത്തിയത് മുതൽ പാർട്ടിക്ക് വഴങ്ങിയാണ് സച്ചിന്റെ പ്രവർത്തനങ്ങൾ. പല ഘട്ടത്തിലും തന്റെ അനുയായികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗെഹ്ലോട്ട് ഈ അവസരങ്ങളെയെല്ലാം പ്രതിരോധിച്ചപ്പോഴും ഗെഹ്ലോട്ട് ക്യാമ്പിൽ നിന്ന് തുടർച്ചയായ പ്രകോപന്ങ്ങള് ഉണ്ടായപ്പോഴെല്ലാം പരസ്യമായ പ്രതികരണങ്ങൾക്കോ പാർട്ടിക്കെതിരേയും ദേശീയ നേതൃത്വത്തിനെതിരേയോ സച്ചിൻ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സച്ചിൻ പൈലറ്റിന് ഗാന്ധി സഹോദരങ്ങളോടുള്ള വിശ്വസ്തതയ്ക്കും അദ്ദേഹത്തിന്റെ ക്ഷമയ്ക്കും നിശബ്ദതയ്ക്കും അർഹിക്കുന്ന പ്രതിഫലം അദ്ദേഹത്തിന് കിട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 അശോക് ഗെഹ്ലോട്ടിനെതിരെ പടയൊരുക്കം ഉണ്ടാകുമോ?

അടുത്ത തിരഞ്ഞെടുപ്പിനെ സച്ചിനെ മുൻനിർത്തിയാകും കോൺഗ്രസ് നേരിട്ടേക്കുകയെന്നതും തർക്കമില്ല. ഈ സാഹചര്യത്തിൽ അവസരം വന്നാൽ പഞ്ചാബിന് സമാനമായ എംഎൽഎമാർ ഗെഹ്ലോട്ടിനെതിരെ പരസ്യമായി രംഗത്തെത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. നിലവിൽ തന്റെ അഞ്ച് അനുയായികൾക്ക് അഞ്ച് മന്ത്രി പദങ്ങൾ ലഭിച്ചെങ്കിലും സച്ചിൻ അതുകൊണ്ട്തൃപ്തി പെടില്ല. കോർപറേഷൻ ബോർഡ് പദവികളും സച്ചിൻ സ്വന്തം പക്ഷത്തെ നേതാക്കൾക്കായി കണ്ണുവെച്ചിട്ടുണ്ട്. അതേസമയം സിദ്ദുവിൽ നിന്നും വ്യത്യസ്തമായി താഴെ തട്ടില്‌ സച്ചിന് ശക്തമായ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ നാളെയൊരു തർക്കം ഉടലെടുത്താൻ പാർട്ടിയിലെ വലിയ വിഭാഗത്തിന്റെ പിന്തുണ സച്ചിന് ലഭിക്കാനുള്ള സാധ്യത തള്ളാനാകില്ല.

English summary
Will punjab model repeat in Rajasthan, these are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X