ഉത്തരാഖണ്ഡില്‍ വിമതരും സ്വതന്ത്രരും വിധി നിർണ്ണയിക്കുമോ: പോരാട്ടം കനക്കുന്നു
ഡെറാഡൂണ്‍: ഉത്തരഖാണ്ഡ് തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി വിമതരുടെ മത്സരം. കേദാർനാഥ്, യമുനോത്രി, തെഹ്‌രി, ധനോൾട്ടി, രുദ്രപൂർ തുടങ്ങി നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് മുമ്പ് നടക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ വിമതരും സ്വതന്ത്രരും മത്സരം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഈ സീറ്റുകളിലെ വിധി നിർണ്ണയിക്കുന്നതില്‍ ഇവർ പിടിക്കുന്ന വോട്ടുകള്‍ നിർണ്ണായകമായിരിക്കും. വോട്ട് പിടിക്കുക എന്നതിലുപരി ചില മണ്ഡലങ്ങളില്‍ വിമതർ വിജയിക്കാന്‍ വരെ സാധ്യതയുമുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.

2017-ൽ കേദാർനാഥിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കുൽദീപ് സിംഗ് റാവത്ത് വോട്ടെടുപ്പിൽ മികച്ച മത്സരം കാഴ്ചവെച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണയും അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഇത് ബി ജെ പിയുടെ ഷൈല റാണി റാവത്തിനും കോൺഗ്രസിന്റെ നിലവിലെ എം എൽ എയുമായ മനോജ് റാവത്തിനും ഇടയിലെ പോരാട്ടം കൂടുതല്‍ ശക്തമാക്കുന്നതിന് ഇടയാക്കി.

മറ്റൊരു പട്ടണമായ യമുനോത്രിയിൽ കോൺഗ്രസ് വിമതനായ സഞ്ജയ് ദോബാൽ രണ്ട് ബി ജെ പിയുടേയും കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കിയേക്കുമെന്നാണ് കണക്കാക്കുന്നത്. ജില്ലാ പഞ്ചായത്ത് ചെയർമാൻ ദീപക് ബിജിൽവാൻ കോൺഗ്രസിൽ ചേർന്ന് യമുനോത്രിയിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയാക്കിയപ്പോള്‍. മറുവശത്ത്, സിറ്റിംഗ് എംഎൽഎ കേദാർ സിങ്ങാണ് ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നത്.

ജനുവരി 28 ന് നാമനിർദ്ദേശ നടപടികൾ അവസാനിക്കാൻ കഷ്ടിച്ച് രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായയും സിറ്റിംഗ് ബി ജെ പി എം എൽ എ ധന് സിംഗ് നേഗിയും കൂറുമാറുന്നത്. തെഹ്‌രി മണ്ഡലത്തിൽ നിന്ന് നേഗിയെ കോൺഗ്രസും ഉപാധ്യായയെ ബി ജെ പിയും സ്ഥാനാർത്ഥിയാക്കി. മുൻ ടൂറിസം മന്ത്രി ദിനേശ് ധനായിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് ജനസെക്ത്യ പാർട്ടി എന്ന സ്വന്തം പാർട്ടിയുടെ കീഴിലാണ് ദിനേശ് ധനായുടെ മത്സരം.

ധനോൽതിയിൽ നിന്നുള്ള സ്വതന്ത്ര എം എൽ എയായ പ്രീതം സിംഗ് പൻവാർ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് ബി ജെ പിയിൽ ചേരുകയും മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയാക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ബിജെപിയുടെ മഹാവീർ സിംഗ് രംഗർ വിമതനായി മാറി സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കി. കോൺഗ്രസിൽ നിന്ന്, മുതിർന്ന നേതാവ് ജോത് സിംഗ് ബിഷ്ടിനാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്.

2002 ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 36 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. 2007 ല്‍ അധികാരം നഷ്ടമായെങ്കിലും 2021 ല്‍ വീണ്ടും ഭരണത്തില്‍ എത്താന്‍ സധിച്ചു. 2017 ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. 70 ല്‍ 57 സീറ്റും നേടിയായിരുന്നു 2017 ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ ബി ജെ പി അധികാരം നിലനിർത്താന്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ എന്ത് വിലകൊടുത്തും ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് പരിശ്രമിക്കുന്നത്.












Click it and Unblock the Notifications