വിജയ് ഒഴിയുന്ന മണ്ഡലത്തിൽ തൃഷ മത്സരിക്കുമോ; തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്? സാധ്യതകൾ ഇങ്ങനെ
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന വിജയമാണ് വിജയിയുടെ ടിവികെ കാഴ്ചവെച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം തള്ളി കന്നിയങ്കത്തിൽ തന്നെ സംസ്ഥാന ഭരണത്തിലേക്ക് നീങ്ങുകയാണ് ടിവികെ. നിലവിൽ 39 മണ്ഡലങ്ങളിൽ പാർട്ടി വിജയിച്ചുകഴിഞ്ഞു. 67 മണ്ഡലങ്ങളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. ഇത്തരത്തിലൊരു മുന്നേറ്റം ടിവികെ തന്നെ പ്രതീക്ഷിച്ചു കാണില്ലെന്ന് വേണം കരുതാൻ.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് ജയിച്ചു കഴിഞ്ഞു. പേരമ്പൂർ, ത്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് ജയിച്ചത്. ത്രിച്ചിയിൽ സിറ്റിംഗ് എം എൽ എയായ എ ഐ എ ഡി എം കെയുടെ ഇനിഗോ ഇരുദയരാജിനെയാണ് വിജയ് പരാജയപ്പെടുത്തിയത്. ഡി എം കെ സ്ഥാനാർത്ഥിയായ ആർ ഡി ശേഖറിനെപരാജയപ്പെടുത്തിയാണ് പേരമ്പൂരിലെ വിജയം. ഏകദേശം 36600 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം. രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കിയതോടെ ഇവയിൽ ഏതാകും വിജയ് നിലനിർത്തുകയെന്ന ചോദ്യം ഉയരുന്നുണ്ട്.

നഗര രാഷ്ട്രീയത്തിന്റെ ഹൃദയ കേന്ദ്രമാണ് പേരമ്പൂർ. വടക്കൻ ചെന്നൈയിലെ തിരക്കേറിയ തൊഴിലാളി മേഖലകളിലൊന്നായ ഇവിടെ 2.26 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഡിഎംകെക്കും സഖ്യകക്ഷികൾക്കും ചരിത്രപരമായ സ്വാധീനമുള്ള മണ്ഡലമായ പേരമ്പൂരിൽ ആദി ദ്രാവിഡർ, പറയർ എന്നീ ദളിത് വിഭാഗങ്ങൾക്കൊപ്പം ക്രിസ്ത്യാനികളും ആംഗ്ലോ-ഇന്ത്യക്കാരും നിർണായക സാന്നിധ്യമാണ്. സ്ഥിരതയാർന്ന നഗരവോട്ടർമാർ, ക്ഷേമപദ്ധതികളോടുള്ള ശക്തമായ സ്വീകാര്യത, കൂടാതെ ചെന്നൈയിലെ ഉയർന്ന രാഷ്ട്രീയ ദൃശ്യപരത ഇതെല്ലാം മണ്ഡലത്തിൻ്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. മണ്ഡലം നിലനിർത്തുന്നത് ടിവികെയ്ക്ക് നഗരവോട്ടർമാരിൽ ശക്തമായ അടിത്തറ ഉറപ്പിക്കുന്നതിനൊപ്പം വ്യക്തമായ രാഷ്ട്രീയ വ്യക്തിത്വവും നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, മധ്യ തമിഴ്നാട്ടിലെ നിർണായക മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റ് വ്യത്യസ്തമായ രാഷ്ട്രീയ സാധ്യതകളാണ് തുറക്കുന്നത്. 2.17 ലക്ഷം വോട്ടർമാരും 24 കോർപ്പറേഷൻ വാർഡുകളും ഉൾപ്പെടുന്ന ഈ മണ്ഡലം വ്യാവസായിക-വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹൃദയഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പ്രശസ്തമായ റോക്ക്ഫോർട്ട് ക്ഷേത്രത്തിന് സമീപമുള്ള ഈ മേഖലയിലെ സാമൂഹിക ഘടനയും രാഷ്ട്രീയ ഗണിതവും സങ്കീർണ്ണമാണ്. ഏകദേശം 36 ശതമാനം വരുന്ന ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, ദളിത് വിഭാഗങ്ങൾ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്ക്.ഒരിക്കൽ എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലം 2021ലാണ് ഡിഎംകെയ്ക്കൊപ്പം നിന്നത്. ചെന്നൈ നഗരപരിധിക്കപ്പുറം സ്വാധീനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന ടിവികെയ്ക്ക്, ഈ രണ്ടു മണ്ഡലങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും പേരമ്പൂർ ആയിരിക്കും വിജയ് നിലനിർത്തുകയെന്നാണ് സൂചന.
അങ്ങനെയായാൽ ത്രിച്ചി ഈസ്റ്റിൽ വിജയ് ഒഴിഞ്ഞാൽ അവിടെ തൃഷ മത്സരിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. തൃഷ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകങ നേരത്തേ തന്നെ ചൂടുപിടിച്ചിരുന്നു. . തനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് മുൻപ് തൃഷ പറഞ്ഞ വീഡിയോകളും അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്തായാലും തൃഷ ഇക്കാര്യത്തിലൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്തരമൊരു പ്രഖ്യാപനം തൃഷ നടത്തിയാൽ തമിഴ്നാട്ടിൽ അത് മറ്റൊരു രാഷ്ട്രീയ ബോംബായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications