ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയാകുമോ? ഒടുവിൽ പ്രതികരിച്ച് അജിത് പവാർ, മറുപടി ഇങ്ങനെ
എൻ സി പി എംഎൽഎമാരുമായി ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി അജിത് പവാർ. പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്നും താൻ എന്നും എൻ സി പിയിൽ തന്നെയായിരിക്കുമെന്നും അജിത് പറഞ്ഞു.
'പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. അവയെല്ലാം വെറും അഭ്യൂഹം മാത്രമാണ്. ഞാൻ എൻ സി പിയിലാണ്, എല്ലായപ്പോഴും എൻസിപിക്കൊപ്പമായിരിക്കും', അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞു.

ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രവർത്തകരോടായി പറയാനുള്ളത്. ശരദ് പവാറിന്റെ നേതൃത്വത്തിലാണ് എൻ സി പി രൂപീകരിച്ചത്. അധികാരത്തിലും പുറത്തും ഉണ്ടായ നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്', പവാർ പറഞ്ഞു.
മഹാവികാസ് അഘാഡി സഖ്യം സംഘടിപ്പിച്ച പരിപാടിയിൽ നിന്നും അജിത് പവാർ വിട്ട് നിന്നതോടെയായിരുന്നു അദ്ദേഹം ബി ജെ പിയിലേക്ക് എന്ന തരത്തിലുല്ള അഭ്യൂഹങ്ങൾ ഉയർന്നത്. 15 എൻ സി പി എം എൽ എമാർക്കൊപ്പമായിരിക്കും അജിത് മറുകണ്ടം ചാടുകയെന്നും വമ്പൻ ഓഫറാണ് ബി ജെ പി അജിത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വരെ അജിതിന് നൽകാൻ ബി ജെ പി തയ്യാറാണെന്നായിരുന്നു അഭ്യൂഹങ്ങൾ.
മഹാവികാസ് അഘാഡി സഖ്യത്തിന്റെ കാലുവാരി ഏക് നാഥ് ഷിൻഡെയ്ക്ക് ഒപ്പം വിമത നീക്കം നടത്തിയ 16 എം എൽ എമാർക്കെതിരേയും സുപ്രീം കോടതിയിൽ നിന്നും അയോഗ്യത നടപടികൾ നേരിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അജിത് പവാറിനെ ഒപ്പം കൂട്ടി അധികാരം നിലനിർത്താൻ ബി ജെ പി ശ്രമിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഉണ്ടായത്.
അതേസമയം വാർത്തകൾ തള്ളി ശരദ് പവാറും രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന കാര്യങ്ങൾ സത്യമില്ലെന്നും ശരദ് പവാർ പറഞ്ഞിരുന്നു. 'അജിത് പവാർ ഒരു യോഗവും വിളിച്ച് ചേർത്തിട്ടില്ല. എൻ സി പിക്ക് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്', എന്നും ശരദ് പവാർ വ്യക്തമാക്കി. എന്നാൽ ശരദ് പവാറിന്റെ വാക്കുകൾക്ക് വിരുദ്ധമായിട്ടായിരുന്നു മകൾ സുപ്രിയ സുലെയുടെ പ്രതികരണം. അടുത്ത 15 ദിവസങ്ങളിൽ മഹാ രാഷ്ട്രീയത്തിൽ രണ്ട് വലിയ പൊട്ടിത്തെറികൾ ഉണ്ടാകും എന്നായിരുന്നു സുപ്രിയ പറഞ്ഞത്. ഞാൻ യാഥാർത്ഥ്യത്തിൽ ജീവിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ അജിത് ദായോട് ചോദിക്കണം, എന്താണ് ഇക്കാര്യത്തിൽ വ്യക്തമായ പ്രതികരണം മാധ്യമങ്ങൾ ചോദിക്കാത്തതെന്നും സുപ്രിയ പറഞ്ഞു.












Click it and Unblock the Notifications