അയോധ്യ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കാന്തപുരം; തയ്യാറല്ലെന്ന് മുസ്ലിം സംഘടനകള്‍
സുപ്രീംകോടതിയുടെ വിധിയും യോഗി ആദിത്യനാഥ് ഇക്കാര്യം സ്വാഗതം ചെയ്തതും പ്രബല മുസ്ലിം സംഘടനകള്‍ സംശയത്തോടെയാണ് കാണുന്നത്.
ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് കേസില്‍ കോടതിക്ക് പുറത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നാണ് അദ്ദേഹം ദില്ലിയില്‍ പറഞ്ഞത്.
ദേശീയ മുസ്ലിം സംഘടനകള്‍ ആരും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ കാന്തപുരം പറഞ്ഞത്. കോടതി വിധി അംഗീകരിക്കുമെന്നാണ് പ്രധാന മുസ്ലിം സംഘടനകളുടെ നിലപാട്.

കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ രൂപീകരിച്ച മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ചര്‍ച്ചയ്ക്ക് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

കോടതി വിധി കാത്തുനില്‍ക്കാതെ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് യുപി മുഖ്യമന്ത്രി ആയ ഉടനെ യോഗി ആദിത്യനാഥ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സമാനമായ കാര്യങ്ങള്‍ തന്നെയാണ് കാന്തപുരവും പറയുന്നത്. യുപി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ സമുദായത്തിന്റെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

ബാബറി മസ്ജിദ് നിലനിന്ന സ്ഥലവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധിക്ക് കാത്തു നില്‍ക്കാതെ കേസിലെ കക്ഷികള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നായിരുന്നു ചീഫ് ജസ്റ്റ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

എന്നാല്‍ ഇത്തരമൊരു ചര്‍ച്ചകള്‍ നടത്താനാവില്ലെന്നാണ് കേസ് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഫര്‍യാബ് ജിലാനി ഉള്‍പ്പെടെയുള്ള മുസ്ലിം നേതാക്കള്‍ പ്രതികരിച്ചിരുന്നത്. കേന്ദ്രത്തിലും ഉത്തര്‍ പ്രദേശിലും ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ സുതാര്യമായ ചര്‍ച്ച നടക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്.

എന്നാല്‍ കാന്തപുരം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. കേന്ദ്രസര്‍ക്കാരുമായി അടുപ്പം നിലനിര്‍ത്താനും സമുദായത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താനും അദ്ദേഹം മുമ്പും തയ്യാറായിരുന്നു. ബിജെപി മുന്‍കൈയെടുത്ത് ദില്ലിയില്‍ നടത്തിയ മുസ്ലിം നേതാക്കളുടെ സമ്മേളനത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു.

സുപ്രീംകോടതിയുടെ വിധിയും യോഗി ആദിത്യനാഥ് ഇക്കാര്യം സ്വാഗതം ചെയ്തതും പ്രബല മുസ്ലിം സംഘടനകള്‍ സംശയത്തോടെയാണ് കാണുന്നത്. എന്നാല്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിലെ ചിലര്‍ ബാബറി മസ്ജിദ് വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications