'കേരള സ്‌റ്റോറി' കണ്ട ശേഷം കാമുകനെതിരെ യുവതിയുടെ പീഡനപരാതി, മതംമാറ്റാനും ശ്രമിച്ചെന്ന് കാമുകി
ഇന്‍ഡോര്‍: വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി കണ്ടതിന് പിന്നാലെ കാമുകനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 23കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകന്‍ പീഡിപ്പിച്ചുവെന്നും മതം മാറ്റാന്‍ ശ്രമിച്ചു എന്നുമാണ് യുവതി ആരോപിക്കുന്നത് എന്ന് പോലീസ് പറയുന്നു. കേരള സ്റ്റോറി കണ്ടതിന് ശേഷം യുവതി കാമുകനുമായി വഴക്കിട്ടിരുന്നു. അതിന് ശേഷമാണ് പീഡനപരാതി നല്‍കിയത് എന്നും പോലീസ് വ്യക്തമാക്കുന്നു. ഖജ്രാന പോലീസ് ആണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഐപിസി, മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് ഖജ്രാന പോലീസ് സ്‌റ്റേഷന്റെ ഇന്‍ ചാര്‍ജ് ആയ ദിനേഷ് വെര്‍മ പറയുന്നു. ബലം പ്രയോഗിച്ചോ ചതിയിലൂടെയോ ഉളള മതപരിവര്‍ത്തനത്തെ തടയുന്നതിനുളളതാണ് മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021.
'വിവാഹ വാഗ്ദാനം നല്‍കി പ്രണയത്തിന്റെ കെണിയില്‍ വീഴ്ത്തിയ ശേഷം യുവാവ് പരാതിക്കാരിക്കൊപ്പം താമസിക്കുകയായിരുന്നു' എന്ന് എഫ്‌ഐആര്‍ ഉദ്ധരിച്ച് കൊണ്ട് ദിനേഷ് വെര്‍മ പറഞ്ഞു. മതം മാറാന്‍ യുവാവ് സമ്മര്‍ദ്ദം ചെലുത്തുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും യുവതി ആരോപിക്കുന്നു.
'പരാതിക്കാരി പറയുന്നത്, അവരും കാമുകനും അടുത്തിടെ കേരള സ്റ്റോറി എന്ന സിനിമ കാണാന്‍ പോയി. സിനിമ കണ്ട് വന്നതിന് ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. യുവാവ് പരാതിക്കാരിയെ ഉപദ്രവിച്ച ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മെയ് 19ന് യുവതി പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു', എന്നാണ് ദിനേഷ് വെര്‍മ വ്യക്തമാക്കുന്നത്.
'ആരോപണ വിധേയനായ യുവാവിന് സ്വന്തമായി ജോലി ഇല്ല. 12ാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. അതേസമയം പരാതിക്കാരിയായ യുവതിക്ക് ഉന്നത വിദ്യാഭ്യാസവും ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും ഉണ്ട്. ഒരു കോച്ചിംഗ് സെന്ററില്‍ പഠിക്കുമ്പോഴാണ് നാല് വര്‍ഷം മുന്‍പ് യുവാവിനെ പരാതിക്കാരി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും'. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും ദിനേഷ് വെര്‍മ പറഞ്ഞു.












Click it and Unblock the Notifications