മകളെ വളര്‍ത്തണം; നക്‌സല്‍ യുവതി പോലീസില്‍ കീഴടങ്ങി
നാരായണ്‍പുര്‍: മകളെ നല്ലരീതിയില്‍ വളര്‍ത്താനായി നക്‌സല്‍ യുവതി പോലീസില്‍ കീഴടങ്ങി. സുകാരു സലാം(22) ആണ് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയായ നാരായണ്‍പുര്‍ ജില്ലയില്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്. രാജ്‌നന്ദ്ഗാവ് ജില്ലയിലെ മണ്‍പുര്‍ സ്വദേശിനിയാണ് സുകാരുവെന്ന് പോലീസ് പറഞ്ഞു.
ഒട്ടേറെ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നെന്ന് കരുതുന്ന സുകാരുവിന്റെ തലയ്ക്ക് പോലീസ് ഒരുലക്ഷംരൂപ വിലയിട്ടിരുന്നു. എന്നാല്‍ ഇവര്‍ കീഴടങ്ങിയതോടെ കീഴടങ്ങുന്നവര്‍ക്കുള്ള ആനുകൂല്യമെല്ലാം ലഭിക്കുമെന്ന് നാരായണ്‍പുര്‍ ജില്ലാ പോലീസ് മേധാവ് വ്യക്തമാക്കി. യുവതിയെയും നാലുമാസം പ്രായമുള്ള കുട്ടിയെയും പുന:രധിവാസകേന്ദ്രത്തിലേക്ക് മാറ്റി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ അനുധി ഏരിയയില്‍ നടത്തിയ മാവോയിസ്റ്റ് ആക്രമണത്തില്‍ യുവതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തിനുശേഷമാണ് ഇവരുടെ തലയ്ക്ക് 1 ലക്ഷം രൂപ വിലയിട്ടത്. ഇവര്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘടനയിലെ ഡെപ്യൂട്ടന്‍ കമാന്‍ഡര്‍ ഭരതുമായി പ്രണയത്തിലായിരുന്നു.
പ്രണയം സംഘടനയിലെ മറ്റുള്ളവര്‍ എതിര്‍ത്തതോടെ ഇരുവരും മറ്റൊരു സ്ഥലത്തേക്ക് മാറി. ഇവിടെവെച്ചാണ് കുട്ടി ജനിച്ചത്. കുഞ്ഞുണ്ടായതാടെ പോലീസില്‍ കീഴടങ്ങാനായിരുന്നു സുകാരുവിന്റെ തീരുമാനം. ഇവരുടെ കാമുകനും അടുത്തുതന്നെ പോലീസില്‍ കീഴടങ്ങയേക്കുമെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു. ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications