യുവതിയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തി!
ജയ്പൂര്‍: യുവതിയെ നഗ്നയാക്കി കഴുതപ്പുറത്ത് നാട് ചുറ്റിച്ച സംഭവത്തില്‍ 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് മുപ്പത് പേരെ അറസ്റ്റ് ചെയ്തത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ തുര്‍വല്‍ ഗ്രാമത്തിലെ ഖാപ് പഞ്ചായത്തിന്റെതായിരുന്നു ഉത്തരവ്.
അനന്തിരവനെ കൊലപ്പെടുത്തി എന്നാരോപിച്ചാണ് യുവതിക്ക് പഞ്ചായത്ത് ഈ ശിക്ഷ വിധിച്ചത്. കരി ഉപയോഗിച്ച് മുഖത്ത് വരച്ച ശേഷം നഗ്നയാക്കി കഴുതപ്പുറത്തിരുത്തി പ്രദേശം മുഴുവന്‍ നടത്തിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം എകദേശം ഒരു മണിക്കൂര്‍ നേരം യുവതിയെ നാട്ടുകാര്‍ കഴുതപ്പുറത്ത് നടത്തിച്ചു. സംഭവത്തില്‍ യുവതി മാനസികമായി തളര്‍ന്നുപോയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഞായറാഴ്ചയാണ് പോലീസ് 30 പേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ 9 പേര്‍ യുവതിയുടെ കുടുംബത്തിലുള്ളവരാണ്. യുവതിയെ ആശ്രയ ഭവനത്തിലേക്ക് മാറ്റിയതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നവംബര്‍ രണ്ടാം തീയതി വാര്‍ദി സിംഗ് എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിന്റെ വിധി. ദുരൂഹ സാഹചര്യത്തില്‍ വാര്‍ദി സിംഗ് മരിക്കുകയായിരുന്നു.
പോലീസിനെ അറിയിക്കുകയോ പോസ്റ്റ് മോര്‍ട്ടം നടത്തുകയോ ചെയ്യാതെ ഇയാളുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. അമ്മായിയാണ് തന്റെ ഭര്‍ത്താവിനെ കൊന്നതെന്ന് പരാതിയുമായി വാര്‍ദിയുടെ ഭാര്യ ഖാപ് പഞ്ചായത്തിനെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് യുവതിയെ പരസ്യമായി വിചാരണ ചെയ്ത് നാട്ടുകൂട്ടം ശിക്ഷ വിധിച്ചത്. 30 പേരെ അറസ്റ്റ് ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷയ്ക്കായി പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications