യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് മാറുന്നു; ബാബറി വിഷയം കത്തിക്കും, യുപി 1990കളിലേക്ക്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ മണ്ഡലത്തില്‍ മല്‍സരത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ആയി ബിജെപി നിയോഗിച്ച അദ്ദേഹം നിലവില്‍ ഗോരഖ്പൂര്‍ എംപിയാണ്. ലോക്‌സഭാംഗത്വം രാജിവച്ച് ഇനി അയോധ്യയില്‍ മല്‍സരിക്കാനാണ് യോഗിയുടെ നീക്കം.

അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്നുള്ള എംപിയാണ് യോഗി ആദിത്യനാഥ്. ബിജെപി ഉത്തര്‍ പ്രദേശില്‍ മികച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ യോഗിയെ മുഖ്യമന്ത്രി ആയി പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി ആയ ശേഷം ആറ് മാസത്തിനകം നിയമസഭാംഗത്വം നേടിയാല്‍ മതി.

രാമക്ഷേത്ര വിഷയം സജീവമാക്കും

ഗോരഖ്പൂരില്‍ നിന്നു തന്നെ നിയമസഭയിലേക്ക് യോഗി മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത് അദ്ദേഹം അയോധ്യ മണ്ഡലത്തില്‍ മല്‍സരിക്കും എന്നതാണ്. രാമക്ഷേത്ര വിഷയം കൂടുതല്‍ സജീവമാക്കാനാണ് പാര്‍ട്ടി നീക്കം.

വേദ് പ്രകാശ് ഗുപ്ത

വേദ് പ്രകാശ് ഗുപ്തയാണ് നിലവില്‍ അയോധ്യ എംഎല്‍എ. യോഗി ആദിത്യനാഥിന് വേണ്ടി താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ അയോധ്യ മണ്ഡലത്തില്‍ യോഗി മല്‍സരിക്കാനുള്ള സാധ്യത തെളിഞ്ഞു.

അന്തിമ തീരുമാനം എടുത്തിട്ടില്ല

എന്നാല്‍ യോഗി എവിടെ മല്‍സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അഞ്ച് തവണ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച യോഗി ആ മണ്ഡലം വിട്ടുമാറാന്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

സീറ്റുകള്‍ വച്ച് മാറും

അയോധ്യ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ വേദ് പ്രകാശിനെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ ബിജെപി മല്‍സരിപ്പിച്ചേക്കും. സീറ്റുകള്‍ വച്ചുമാറാനാണ് പദ്ധതിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ അറിയിച്ചു.

അയോധ്യ മണ്ഡലം തിരഞ്ഞെടുക്കുന്നു

മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആറ് മാസത്തിനകം നിയമസഭയിലെത്തിയാല്‍ മതി. ഉത്തര്‍ പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകളുണ്ട്. എംഎല്‍എ ആയോ എംഎല്‍സി ആയോ യോഗിക്ക് സഭയിലെത്താം. പക്ഷേ അദ്ദേഹം അയോധ്യ മണ്ഡലം തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

അയോധ്യ ബിജെപിയുടെ ഉറച്ച മണ്ഡലം

അയോധ്യ ബിജെപിയുടെ ഉറച്ച മണ്ഡലമാണ്. അവിടെ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന ആര്‍ക്കും വിജയം നേടാന്‍ സാധിക്കുമെന്ന അവസ്ഥയാണ്. മുഖ്യമന്ത്രി മല്‍സരിക്കുമ്പോള്‍ വിജയം എളുപ്പമാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

രാമക്ഷേത്രം നിര്‍മിക്കും

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപി അയോധ്യ വിഷയം കാര്യമായി എടുത്തിരുന്നില്ല.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അയോധ്യ വിഷയം പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. യോഗി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു.

ബിജെപിയെ തുണച്ച രാമക്ഷേത്രം

1990കളില്‍ ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ വളരാന്‍ സാധിച്ചത് അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടിയതിലൂടെയാണ്. അതേ വിഷയം വീണ്ടും സജീവമാക്കി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകാനാണ് ഇപ്പോള്‍ നീക്കം. നിലവില്‍ രാമക്ഷേത്ര വിവാദം കത്തിച്ച് നിര്‍ത്തി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

English summary
Uttar Pradesh Chief Minister Yogi Adityanath is keen on contesting Member of Legislative Assembly (MLA) elections but the seat is not decided yet. The five-time Lok Sabha MP’s first choice is his native place Gorakhpur but reports of him contesting from Ayodhya are also doing the rounds.
Please Wait while comments are loading...