യോഗി 25ന് സത്യപ്രതിജ്ഞ ചെയ്യും; വന്‍ ആഘോഷമാക്കാന്‍ ബിജെപി, മോദിയും അമിത് ഷായും എത്തും
ലഖ്‌നൗ: ചരിത്രം സൃഷ്ടിച്ച് വീണ്ടും അധികാരം പിടിച്ച ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി മാര്‍ച്ച് 25ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണ യുപി മുഖ്യമന്ത്രിയാകുന്ന യോഗിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, ബിജെപിയുടെ കേന്ദ്ര നേതാക്കള്‍, ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും സംബന്ധിക്കും. 50000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണിത്. 200 വിവിഐപികള്‍ സ്റ്റേഡിയത്തിലെത്തും.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ചടങ്ങിനെത്തുമെന്നാണ് വിവരം. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ നേട്ടം കൈവരിച്ചവരുടെ പ്രതിനിധികളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ബൃഹദ് പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ സുരക്ഷ ശക്തമാക്കും. ഇപ്പോള്‍ തന്നെ മേഖലയില്‍ നിരീക്ഷണം തുടങ്ങിയെന്നാണ് വിവരം.

403 അംഗ നിയമസഭയാണ് ഉത്തര്‍ പ്രദേശിലേത്. 255 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഭരണത്തിലേറാന്‍ 202 സീറ്റാണ് ആവശ്യം. സഖ്യകക്ഷികള്‍ക്ക് ഉള്‍പ്പെടെ എന്‍ഡിഎയ്ക്ക് 273 സീറ്റ് കിട്ടി. 1987ന് ശേഷം യുപിയില്‍ തുടര്‍ ഭരണം കിട്ടുന്ന ആദ്യ പാര്‍ട്ടിയായി ബിജെപി മാറി. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കി വീണ്ടും തിരഞ്ഞെടുക്കപ്പെടുക എന്നത് യുപിയില്‍ ചരിത്രമാണ്. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മല്‍സരം. 125 സീറ്റാണ് എസ്പി നേതൃത്വം നല്‍കുന്ന സഖ്യത്തിന് ലഭിച്ചത്. എസ്പിക്ക് മാത്രം 111 സീറ്റ് കിട്ടി. ഏഴ് ഘട്ടങ്ങളായിട്ടായിരുന്നു ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിച്ചത്.
2017മായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞിട്ടുണ്ട്. 2017ല്‍ 300ലധികം സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ എസ്പിക്ക് കൂടുതല്‍ സീറ്റ് പിടിക്കാന്‍ സാധിച്ചു. എങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്, എംഐഎം തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വെവ്വേറെ മല്‍സരിച്ചതാണ് ബിജെപിക്ക് വിജയം എളുപ്പമാക്കിയത് എന്നാണ് വിലയിരുത്തല്‍. യോഗി ആദിത്യനാഥ് ആദ്യമായി ഇത്തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും. 2017ല്‍ ലോക്‌സഭാ എംപിയായിരിക്കെയാണ് അദ്ദേഹം മുഖ്യമന്ത്രി പദവിയിലെത്തിയത്.












Click it and Unblock the Notifications