ദൈവനിന്ദ ആരോപിച്ച് പഞ്ചാബിലെ ഗുരുദ്വാരയിൽ യുവാവിനെ തല്ലിക്കൊന്നു
ചണ്ഡീഗഡ്: സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിക്കളഞ്ഞെന്ന് ആരോപിച്ച് 19കാരനെ തല്ലിക്കൊന്നു. ശനിയാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം.ബക്ഷീഷ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായി കുടുംബം പറഞ്ഞു.
രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു. ഇയാൾ കൃത്യം ചെയ്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ മർദ്ദിച്ചത്. സാഹചര്യം നിയന്ത്രണ വിധേയമായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം രണ്ട് വർഷമായി മകൻ മാനസിക പ്രശ്നങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് ബക്ഷീഷിന്റെ പിതാവ് ലക്വിന്ദർ സിംഗ് പറഞ്ഞു. ബക്ഷീഷ് ഇതുവരെ ഗുരുദ്വാര സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അക്രമ സംഭവങ്ങൾ തടയുന്നതിൽ നിയമം വിജയിച്ചില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിൻ്റെ പ്രതികരണമാണ് ബക്ഷിഷിൻ്റെ മരണമെന്നും ഗുരുദ്വാര അധികൃതർ പ്രതികരിച്ചു.












Click it and Unblock the Notifications