ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓഫീസ് പൊളിച്ച് മാറ്റി; ചന്ദ്രബാബു നായിഡു ഏകാധിപതിയെന്ന് ജഗന്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓഫീസ് പൊളിച്ചുമാറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. ഗുണ്ടൂരിലെ തഡേപള്ളിയിലുള്ള മുഖ്യ ഓഫീസാണ് പൊളിച്ചത്. ശനിയാഴ്ച്ച രാവിലെയായിരുന്നു നടപടി. ഈ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ ഈ കെട്ടിടം അനിധൃതമായി നിര്‍മിച്ചതാണെന്ന് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും അവര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ അഞ്ചരയോടെയാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. മംഗളാഗിരി-തഡേപ്പള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചേര്‍ന്നാണ് ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയത്.

ക്യാപിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി(സിആര്‍ഡിഎ) വൈഎസ്ആര്‍ കോണ്‍ഗ്രസിന് അനധികൃത നിര്‍മാണത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിആര്‍ഡിഎയ്‌ക്കെതിരെ നേരത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊളിക്കല്‍ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നുവെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. ഇക്കാര്യം സിആര്‍ഡിഎ കമ്മീഷണറെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നുവെന്നും വക്താവ് പറഞ്ഞു.
ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് നിര്‍മിച്ചതെന്ന് സിആര്‍ഡിഎ പറയുന്നു. ബോട്ട് യാര്‍ഡായി ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാരിന്റെ കാലത്ത് ആരോപണങ്ങളുണ്ടായിരുന്നു. കുറഞ്ഞ തുകയ്ക്ക് ഈ സ്ഥലം ലീസിന് നല്‍കിയതായും ആരോപണുണ്ടായിരുന്നു.
സിആര്‍ഡിഎ, എംടിഎംസി എന്നിവയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ഈ നിര്‍മാണം ആരംഭിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ടിഡിപി സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. രാഷ്ട്രീയ പകപോക്കലിനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടക്കമിട്ടിരിക്കുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര ഓഫീസില്‍ ബുള്‍ഡോസറുകള്‍ വെച്ച് ഒരു ഏകാധിപതി തകര്‍ത്തിരിക്കുകയാണ്. ഹൈക്കോടതി വിധിയെ പോലും മാനിക്കാതെയാണ് ഈ നടപടിയെടുത്തിരിക്കുന്നതെന്നും ജഗന്‍ ആരോപിച്ചു.
അടുത്ത അഞ്ച് വര്‍ഷം ഭരണം എങ്ങനെയായിരിക്കുമെന്ന സൂചനയാണ് നായിഡു നല്‍കുന്നത്. ഈ ഭീഷണിക്കും രാഷ്ട്രീയ പകപോക്കലിന് മുന്നിലും മുട്ടുമടക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി പോരാടും. ചന്ദ്രബാബു നായിഡുവിന്റെ ഈ നടപടികള്‍ ജനാധിപത്യ ശക്തികള്‍ അപലപിക്കണമെന്നും ജഗന്‍ പറഞ്ഞു.
അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മറ്റ് ഓഫീസുകള്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിശാപട്ടണം ജില്ലയിലുള്ള ഓഫീസിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചിന്നഗാഡിലി എന്‍ദഡയിലാണ് ഈ ഓഫീസ് നിര്‍മിക്കുന്നത്. ഇതും അനധികൃത നിര്‍മാണമാണെന്ന് ജിവിഎംസി ആരോപിക്കുന്നു.
വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡെവലെപ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണ്. അനുമതിയില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇതിന് വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരപുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications