ചൈനയ്‌ക്കെതിരെ സ്വതന്ത്ര അന്വേഷണം, ലോകാരോഗ്യ സംഘടനയില്‍.... ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ!!
ജനീവ: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ സ്വതന്ത്ര അന്വേഷണത്തിന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍. നേരത്തെ ഇന്ത്യ അടക്കമുള്ള 61 രാജ്യങ്ങള്‍ അന്വേഷണത്തിനായി ആവശ്യപ്പെട്ടിരുന്നു. പുതിയ അന്വേഷണം ചൈനയെ ശരിക്കും സമ്മര്‍ദത്തിലാക്കുന്നതാണ്. യുഎസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ചൈനയ്‌ക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു. യുഎസ്സിന്റെ വീഴ്ച്ചകള്‍ മറയ്ക്കാന്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വാളെടുത്തിരിക്കുകയാണ് ട്രംപ് എന്നും ചൈന കുറ്റപ്പെടുത്തി.

ലോകാരോഗ്യ സംഘടനയെ ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അവര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ മാറ്റങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ടായിട്ടില്ലെങ്കില്‍ സ്ഥിരമായി ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ സംഘടനയ്ക്കുള്ള ഫണ്ടിംഗ് ഭാഗികമായി ട്രംപ് ഭരണകൂടം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസിന് അയച്ചില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു.
വൈറസിനെ കുറിച്ച് നേരത്തെ തന്നെ സംഘടന യുഎസ്സിന് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് കത്തില്‍ ട്രംപ് കുറ്റപ്പെടുത്തി. ചൈനയുമായി ഗെബ്രിയെസൂസ് വളരെ അടുപ്പത്തിലായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചു. ഗെബ്രിയെസൂസിന്റെ തുടര്‍ച്ചയായുള്ള തെറ്റുകള്‍ കാരണം ലോകത്തിന് വലിയ വില നല്‍കേണ്ടി വന്നെന്ന് ട്രംപ് ആരോപിച്ചു. ചൈനീസ് സ്വാധീനത്തില്‍ നിന്ന് സംഘടനയെ മോചിപ്പിച്ചാല്‍ മാത്രമേ അതിന് മുന്നോട്ട് പോകാനാവൂ എന്നും ട്രംപ് ഓര്‍മപ്പെടുത്തി. അടുത്ത 30 ദിവസത്തിനുള്ളില്‍ ഫലപ്രദമായ മാറ്റം ലോകാരോഗ്യ സംഘടനയില്‍ ഉണ്ടായിട്ടില്ലെങ്കില്‍, ഇപ്പോഴുള്ള താല്‍ക്കാലിക വിലക്ക് എക്കാലത്തേക്കുമുള്ള വിലക്കായി മാറും. സംഘടനയിലെ അംഗത്വത്തില്‍ നിന്ന് യുഎസ് പിന്‍വാങ്ങുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം അംഗരാജ്യങ്ങള്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനെ ഗെബ്രിയെസൂസ് സ്വാഗതം ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനം തന്നെ അന്വേഷിക്കാനും, രോഗത്തോട് എങ്ങനെ സംഘടന പ്രതികരിച്ചെന്ന് വിലയിരുത്താനും സ്വതന്ത്ര രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 130ലധികം രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. ചൈന അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ രോഗത്തെ പൂര്‍ണമായും കീഴടക്കിയതിന് ശേഷം മാത്രമേ അന്വേഷണം നടത്താവൂ എന്ന് ചൈന പറഞ്ഞു. അതേസമയം ഇത്രയും കൂടുതല്‍ രാജ്യങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നതോടെയാണ് അന്വേഷണത്തിന് ചൈന വഴങ്ങിയത്. യുഎസ്സിന് ഇതില്‍ വലിയ പങ്ക് ഇതിലുണ്ട്.












Click it and Unblock the Notifications