70 സൈനിക വിമാനങ്ങൾ, 11 കപ്പലുകൾ, തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനിക അഭ്യാസം;സംയമനം പാലിക്കണമെന്ന് യുഎസ്
ബീജിംഗ്: തായ്‌വാന് ചുറ്റും മൂന്നാം ദിവസവും സൈനിക അഭ്യാസം തുടർന്ന് ചൈന. ഷാൻഡോംഗ് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക മിസൈലുകളും യുദ്ധ കപ്പലുകളും മറ്റ് സംവിധാനങ്ങളുമായാണ് തിങ്കളാഴ്ചത്തെ ചൈനയുടെ സൈനിക നടപടി. 70 ചൈനീസ് സൈനിക വിമാനങ്ങളും 11 കപ്പലുകളും നിരീക്ഷണത്തിൽ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നടപടിയിൽ തായ്‌വാൻ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
കണ്ടെത്തിയ വിമാനങ്ങളിൽ 35 എണ്ണം തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്ന് തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് പ്രവേശിച്ചതായും തായ്‌വാൻ വ്യക്തമാക്കി.
ആർഒസി സായുധ സേന സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ചൈനയുടെ നടപടിക്ക് ഉചിതമായ മറുപടി നൽകാൻ സിഎപി വിമാനങ്ങൾ, നാവിക സേന കപ്പലുകൾ, കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങൾ എന്നിവയെ ചുമതലപ്പെടുത്തിയതായും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ യു എസ് ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തിയതാണ് ഇപ്പോഴത്തെ ചൈനീസ് പ്രകോപനത്തിന് കാരണം. അതേസമയം ചൈനയുടെ നടപടിക്കെതിരെ യുഎസ് രംഗത്തെത്തി. ചൈന സംയമനം പാലിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബീജിംഗ് സായ്‌യുടെ സന്ദർശനത്തിൽ പ്രകോപിതരാകേണ്ട സാഹചര്യം ഇല്ലെന്നും യുഎസ് പ്രതികരിച്ചു.
യു എസ് മിസൈൽ ഡിസ്ട്രോയർ ആയ യു എസ് എസ് മിലിയസ് ദക്ഷിണ ചൈന കടലിലെ സ്പ്രാറ്റ്ലി ദ്വീപുകളിലേക്ക് പ്രവേശിച്ചതായും തിരക്കേറിയ ജലപാതിയിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉയർത്തിപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും യുഎസ് നാവികസേന വ്യക്തമാക്കി.
തായ്‌വാനിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ (800 മൈൽ) അകലെയാണ് സ്പ്രാറ്റ്ലി ദ്വീപ്. ചൈന, തായ്‌വാൻ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങൾ അവകാശപ്പെടുന്ന ദ്വീപ സമൂഹം കൂടിയായ സ്‌പ്രാറ്റ്‌ലി. അതേസമയം യു എസ് നടപടിക്കെതിരെ ചൈന രംഗത്തെത്തി. യു എസിന്റേത് നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റമാണെന്ന് ചൈന കുറ്റപ്പെടുത്തി.
ചൈന തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാന്‍.
1949-ലെ ആഭ്യന്തരയുദ്ധത്തിനൊടുവിൽ ചൈനയും തായ്വാനും പിരിഞ്ഞെങ്കിലും വേണ്ടി വന്നാൽ ആക്രമണത്തിലൂടെയാണെങ്കിലും തായ്വാനെ ഒപ്പം ചേർക്കുമെന്നുമാണ് ചൈനയുടെ നിലപാട്. മേഖലയിലെ ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications