രണ്ടായി പിളർന്ന് റൺവേ, തകർന്നടിഞ്ഞ് പുരാതന നിർമ്മിതകളും; തുർക്കിയിലും സിറിയയിലും നടുക്കുന്ന കാഴ്ച്ച
വലിയ രീതിയിലുള്ള അന്താരാഷ്ട്ര സഹായങ്ങളാണ് ഇരു രാജ്യങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്

കയ്റോ; ഭൂചലന ദുരന്തത്തിൽ നിന്നും കരകയറാനാവാതെ സിറിയയും തുർക്കിയും. ഇന്ന് വീണ്ടും തുടർചലനം ഉണ്ടായതോടെ രക്ഷാപ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ആകെ മരണസംഖ്യ അയ്യായിരത്തിന് അടുത്തേക്ക് ഉയർന്നു. കഴിഞ്ഞ ദിവസം പുലർച്ചേയുണ്ടായ ഭൂചലനം രാജ്യചരിത്രത്തിൽ തന്നെ ഇതുവരേയുണ്ടായതിൽ ഏറ്റവും വലുതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ഡസൻ കണക്കിന് തുടർചലനങ്ങൾ ഉണ്ടായി, സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ നിന്നും മറ്റ് സംഘർഷങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ നിറഞ്ഞ പ്രദേശത്തെ പ്രധാന തുർക്കി നഗരങ്ങളുടെ മുഴുവൻ ഭാഗങ്ങളും ദുരന്തതിന് വിധേയമായി.
'പൃഥ്വിരാജ് അടക്കം പറഞ്ഞു'; ദിലീപ് പുറത്തായത് അങ്ങനെ, എങ്കിലും വിജയം ദിലീപിനെന്നും രാഹുൽ ഈശ്വർ |
ആൾനാശത്തിന് പുറമെ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണവും ഉണ്ടായിട്ടുണ്ട്. തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ, വിമാനത്താവളത്തിലെ ഏക റൺവേയും തകർന്ന് പൂർണ്ണമായും ഉപയോഗശൂന്യമായി. പൂർണമായും തകർന്ന റൺവേയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ടാർമാക് രണ്ടായി പിളർന്ന് ചീളുകൾ പോലെ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ഇതോടെ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചത്തെ ഭൂകമ്പം പതിറ്റാണ്ടുകൾക്കിടെ തുർക്കി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണെന്നാണ് രാജ്യത്തിന്റെ പ്രസിഡന്റ് എർദോഗാൻ അഭിപ്രായപ്പെട്ടത്. ഭൂകമ്പ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഭൂചലനമാണ് ആദ്യത്തെ ഭൂകമ്പം. 12 മണിക്കൂറിന് ശേഷം, റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായി, അതിന്റെ പ്രഭവകേന്ദ്രം കഹ്‌റമൻമാരാസ് പ്രവിശ്യയിലെ എൽബിസ്താൻ ജില്ലയിലായിരുന്നു.
ഇതൊരു തുടർചലനമല്ലെന്നും മുമ്പത്തെ ഭൂകമ്പത്തിൽ നിന്ന് സ്വതന്ത്രമായിരുന്നുവെന്നമാണ് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്. കെട്ടിടങ്ങൾക്കുണ്ടായ നാശം വിവരിക്കാനാവാത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 2000 വർഷത്തിലേറെയായി നിലനിന്നിരുന്ന ചരിത്രപരമായ ഗാസിയാൻടെപ് കാസിൽ ഉൾപ്പടെ തകർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു. തുർക്കിയുടെ ഊർജ ഇൻഫ്രാസ്ട്രക്ചറും തകരാറിലായി, തെക്കൻ തുർക്കിയിൽ വലിയ തീപിടിത്തം പടർന്ന് പിടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അതേസമയം, പ്രതിസന്ധിയിൽ അന്താരാഷ്ട്ര സഹായത്തിന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ബിബിസി പറയുന്നതനുസരിച്ച്, യൂറോപ്യൻ യൂണിയൻ തുർക്കിയിലേക്ക് തിരച്ചിൽ, രക്ഷാപ്രവർത്തന ടീമുകളെ അയയ്ക്കുന്നു, അതേസമയം നെതർലാൻഡ്‌സിൽ നിന്നും റൊമാനിയയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകർ ഇതിനകം തന്നെ യാത്ര പുറപ്പെട്ടു . 76 സ്പെഷ്യലിസ്റ്റുകളും ഉപകരണങ്ങളും റെസ്ക്യൂ നായ്ക്കളെയും അയക്കുമെന്ന് യുകെ അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, യുഎസ് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയെയും സിറിയയെയും സഹായിക്കാൻ റഷ്യയും ഇറാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വലിയ രീതിയിലുള്ള സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications