രണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തി
കാബൂള്‍: സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. വിദേശ രാജ്യങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് രാജ്യം മുന്നോട്ട് പോയിരുന്നത്. അതിനിടെ, താലിബാന്‍ ഭരണം പിടിച്ചതോടെ വിദേശ സാമ്പത്തിക സഹായം പൂര്‍ണമായി നിലച്ചു. അഫ്ഗാന്റേതായി വിദേശത്തുള്ള ആസ്തികള്‍ അമേരിക്കയും സഖ്യകക്ഷികളും വിട്ടുകൊടുക്കുന്നുമില്ല.
രാജ്യം കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. അതിനിടെയാണ് താലിബാന്‍ പുതിയ നീക്കം നടത്തുന്നത്. അഫ്ഗാന് സ്വന്തമായി ബജറ്റ് തയ്യാറാക്കുകയാണ് അവര്‍. 20 വര്‍ഷത്തിനിടെ ആദ്യത്തെ സ്വന്തം ബജറ്റാണ് അഫ്ഗാന് വേണ്ടി തയ്യാറാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അഫ്ഗാനിസ്താന് വേണ്ടിയുള്ള ആദ്യ ദേശീയ ബജറ്റ് തയ്യാറാക്കുകയാണെന്ന് ധനമന്ത്രാലയം അറിയിച്ചു. വിദേശ സഹായമില്ലാത്ത അഫ്ഗാന്‍ ബജറ്റ് 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരുങ്ങുന്നത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ മുന്നോട്ട് പോകുന്നത്. പട്ടിണിയുടെ മഹാദുരന്തത്തിലേക്കാണ് അഫ്ഗാന്‍ നീങ്ങുന്നതെന്ന് അടുത്തിടെ ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ മാനുഷിക സഹായമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യ മരുന്നുകള്‍ നല്‍കിയിരുന്നു.

ബജറ്റിന്റെ വരവ്-ചെലവ് വിവരങ്ങള്‍ ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 2022 ഡിസംബര്‍ വരെയുള്ള ബജറ്റാണ് തയ്യാറാക്കുന്നതെന്ന് ധനമന്ത്രാലയ വക്താവ് അഹ്മദ് വാലി ഹഖ്മല്‍ പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം ബജറ്റ് വിഹിതം സംബന്ധിച്ച് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് അകത്തെ വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ബജറ്റ് ഒരുക്കുന്നതെന്നും ഹഖ്മല്‍ പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചത്. അതോടെ വിദേശ സാമ്പത്തിക സഹായം നിലച്ചു. അഫ്ഗാന്റേതായി വിദേശത്തുള്ള കോടികളുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു. ഇവ വിട്ടുതരണമെന്ന് താലിബാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 2021ലെ ബജറ്റ് ഐഎംഎഫിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ തയ്യാറാക്കിയിരുന്നത്.

അഫ്ഗാന്റെ 2021ലെ ബജറ്റ് കമ്മി ബജറ്റായിരുന്നു. 270 കോടി ഡോളര്‍ വിദേശ സഹായമുണ്ടായിരുന്നപ്പോഴായിരുന്നു ഈ കമ്മി ബജറ്റ്. അന്ന് അഫ്ഗാനിസ്താന്റെ നാണയമായ അഫ്ഗാനിസിന് ഡോളറിനെതിരെ 87 എന്ന നിലയിലായിരുന്നു മൂല്യം. താലിബാന്‍ അധികാരത്തിലെത്തിയതോടെ അഫ്ഗാനിസിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 100ലേക്കും ഇന്നലെ 130ലേക്കുമാണ് കൂപ്പുകുത്തിയത്.

അഫ്ഗാന്റെ നിലവിലെ സാമ്പത്തിക അവസ്ഥ ധനമന്ത്രാലയ വക്താവ് ഹഖ്മല്‍ വെളിപ്പെടുത്തി. മാസങ്ങളായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ട്. ഞങ്ങളാല്‍ സാധിക്കുന്ന വിധം ശ്രമിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ കുടിശ്ശിക തുക നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് പുതിയ ശമ്പള സ്‌കൈല്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്റ്റംസ് ഡ്യൂട്ടി മാത്രമാണ് അഫ്ഗാന്റെ ഇപ്പോഴത്തെ പ്രധാന വരുമാനം. കഴിഞ്ഞ രണ്ടര മാസത്തിനിടെ 2600 കോടി അഫ്ഗാനിസ് ആണ് സ്വരൂപിച്ചത്. ഇതില്‍ 1300 കോടി കസ്റ്റംസ് ഡ്യൂട്ടിയിലൂടെ ലഭിച്ചതാണ്. പുതിയ ഇസ്ലാമിക് നികുതി താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ദരിദ്രരെയും അനാഥകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നികുതി.

2021ല്‍ അവതരിപ്പിച്ച ബജറ്റിന്റെ നാലിലൊന്ന് മാത്രമേ 2022ലെ ബജറ്റ് വിഹിതമുണ്ടാകൂ എന്നാണ് പേര് വെളിപ്പെടുത്താത്ത അഫ്ഗാന്‍ സാമ്പത്തിക വിദഗ്ധര്‍ എഎഫ്പിയോട് പറഞ്ഞത്. അതിര്‍ത്തി വഴിയുള്ള ചരക്കുകടത്തിന് നികുതി കുറയ്ക്കുകയാണ് താലിബാന്‍ ഭരണകൂടം ചെയ്തത്. നേരത്തെയുള്ളതിനേക്കാള്‍ ചരക്ക് കടത്ത് കുറഞ്ഞിട്ടുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് നിരക്ക് കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.