അമേരിക്കന്‍ പട വിറച്ച നാട്; രക്ഷകനായ ടൈലര്‍... ജോ ബൈഡന്‍ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക്
ജി20 ഉച്ചകോടിയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് തിരിച്ചു. വലിയ ഉദ്യോഗസ്ഥ-വ്യവസായ സംഘവുമായിട്ടാണ് അദ്ദേഹം ഹനോയിലേക്ക് പുറപ്പെട്ടത്. മഹാത്മാ ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തിയ ശേഷമായിരുന്നു ബൈഡന്റെ മടക്കം. ഇന്ത്യന്‍ സന്ദര്‍ശനം വിജയകരമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഇതോടെ പൂര്‍ത്തിയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. അന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ച നടന്നു. 50 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. 31 ഡ്രോണുകളും ജെറ്റ് എഞ്ചിനുകളും സ്വന്തമാക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ബൈഡന്റെ വിയറ്റ്‌നാം സന്ദര്‍ശനം ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. അമേരിക്കന്‍ പട്ടാളത്തെ വിറപ്പിച്ച കമ്യൂണിസ്റ്റ് പോരാളികളുടെ നാടാണ് വിയറ്റ്‌നാം. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ദൃഢമാക്കാനുള്ള ബൈഡന്റെ നീക്കം അപ്രതീക്ഷിതമാണ്. എന്നാല്‍ ചൈനയുടെ സ്വാധീനം മേഖലയില്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന് വിലയിരുത്തുന്നു.
ലോകം ഭയപ്പാടോടെയും കൗതുകത്തോടെയും കേട്ട യുദ്ധമാണ് വിയറ്റ്‌നാമിലേത്. അമേരിക്കന്‍ സൈന്യം പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് വിയറ്റ്‌നാം പോരാളികളുടെ ഭാഗത്ത് നിന്നുണ്ടായത്. നിരവധി യുഎസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ നാട്. അന്നത്തെ യുദ്ധത്തില്‍ ധീരത പ്രകടിപ്പിച്ച യുഎസ് സൈനികനെ ആദരിച്ച ശേഷമാണ് ബൈഡന്‍ വിയറ്റ്‌നാമിലെത്തുന്നത് എന്നതും എടുത്തു പറയണം.
1968ലായിരുന്നു അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ടത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ സൈനികന്‍ ലാരി ടൈലറെ കഴിഞ്ഞ ചൊവ്വാഴ്ച ജോ ബൈഡന്‍ ആദരിച്ചിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക ബഹുമതിയായ മെഡല്‍ ഓഫ് ഹോണര്‍ നല്‍കി ടൈലറെ ആദരിച്ചു. 81കാരനായ ടൈലര്‍ യുഎസ് സൈനികര്‍ക്ക് ഇന്നും ആവേശമാണ്.
വിയറ്റ്‌നാം പോരാളികളില്‍ നിന്ന് ശക്തമായ പ്രതിരോധം യുഎസ് സൈനികര്‍ നേരിട്ടിരുന്ന ദിനങ്ങളായിരുന്നു അത്. ഹെലികോപ്റ്ററിന് നേരെ ആക്രമണ സാധ്യതയുണ്ടായിരുന്നു. ഇന്ധനം തീരുകയും ചെയ്യുന്നു. ക്യാമ്പിലേക്ക് മടങ്ങാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും നൂറോളം പോരാളികള്‍ വളഞ്ഞ നാല് അമേരിക്കന്‍ സൈനികരെ രക്ഷിക്കാന്‍ ടൈലര്‍ തീരുമാനിച്ചു. ആ നാല് സൈനികരുടെ പിന്‍തലമുറ ഇന്നും ടൈലറോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബൈഡന്‍ അനുസ്മരിച്ചു.
ഇരുരാജ്യങ്ങളും യുദ്ധവൈരമെല്ലാം മാറ്റിവച്ച് സൗഹൃദത്തിലൂന്നി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. വ്യാപാരം ശക്തിപ്പെടുത്തണമെന്ന് അമേരിക്ക താല്‍പ്പര്യപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ബൈഡന്‍ ചര്‍ച്ച നടത്തും. പ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ സുപ്രധാന ചുവടാണ് ബൈഡന്റെ സന്ദര്‍ശനം എന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ പറഞ്ഞു.
10 ലക്ഷത്തിലധികം വിയറ്റ്‌നാം ജനതയും 58000 അമേരിക്കന്‍ സൈനികരുമാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതേ രാജ്യവുമായി അമേരിക്ക സൗഹൃദം സ്ഥാപിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ചൈനയെ ഭയപ്പെടുത്തുക എന്നതാണ്. പസഫിക് മേഖലയില്‍ ചൈന സ്ഥാപിക്കുന്ന സ്വാധീനം തടയണമെന്നാണ് അമരിക്കയുടെ ലക്ഷ്യം. തങ്ങളുമായി സൗഹൃദമുള്ള വിയ്റ്റ്‌നാം അമേരിക്കയുമായി അടുക്കുമോ എന്ന് ചൈനയും നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications