അഫ്ഗാന്‍ വീണ്ടും ഇളകുന്നു!! താലിബാനെതിരെ ജനങ്ങള്‍ തെരുവില്‍... നേതാക്കള്‍ കര്‍സായിയെ കണ്ടു
കാബൂള്‍: ഭരണം പിടിച്ചെടുത്ത ശേഷം അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന താലിബാന് പുതിയ വെല്ലുവിളിയായി ജനങ്ങള്‍ തെരുവിലിറങ്ങി. ജലാലാബാദില്‍ തുടങ്ങിയ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വടക്കന്‍ പ്രദേശങ്ങളില്‍ താലിബാനെതിരെ സായുധ സമരത്തിന് ആഹ്വാനമുണ്ടായതിന് പിന്നാലെയാണ് ജലാലാബാദില്‍ സമരം തുടങ്ങിയത്. ഇവിടെ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഇനി സമാധാനത്തിന്റെ നാളുകളാണെന്നും യുദ്ധം അവസാനിച്ചുവെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജനം ഇളകിയത്. അതിനിടെ ഹെറാത്ത് പ്രവിശ്യയില്‍ പെണ്‍കുട്ടികള്‍ ഇന്ന് മുതല്‍ വീണ്ടും സ്‌കൂളിലെത്തി തുടങ്ങി. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

കിഴക്കന്‍ നഗരമാണ് ജലാലാബാദ്. ഇവിടെ അഫ്ഗാന്റെ പതാക എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഈ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പതാക എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഖോസ്ത് പ്രവിശ്യയലും സമരം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജലാലാബാദില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

താലിബാന്‍കാരാണ് അഫ്ഗാന്റെ പതാക ജലാലാബാദില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചത്. ഇത് ചോദ്യം ചെയ്ത് ചിലര്‍ രംഗത്തുവന്നു. പതാക മാറ്റിയ ശേഷം താലിബാന്റെ ബാനര്‍ സ്ഥാപിക്കാനായിരുന്നു നീക്കം. ജനങ്ങള്‍ തെരുവിലിറങ്ങിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജലാലാബാദ് നഗത്തിലെ പ്രധാന ചത്വരത്തില്‍ അഫ്ഗാന്‍ പതാക തന്നെ മതി എന്ന് ജനങ്ങള്‍ പറയുന്നു.

അതേസമയം, വടക്കന്‍ മേഖലയിലെ ശക്തനായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ് താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. താലിബാനെതിരെ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പഞ്ചഷിറിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അഹമ്മദ് മസൂദ്. വടക്കന്‍ സഖ്യത്തിന് കീഴില്‍ അഫ്ഗാന്റെ സൈനികര്‍ വീണ്ടും ഒരുമിക്കുന്നു എന്ന സൂചനയാണ് വരുന്നത്.

സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് താലിബാന്‍. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. അഫ്ഗാനിലെ സമാധാന സംഘത്തിന്റെ പ്രതിനിധി അബ്ദുല്ല അബ്ദുല്ലയം യോഗത്തില്‍ സംബന്ധിച്ചു. താലിബാനുമായി സഹകരിക്കുന്ന ഹഖാനി ശൃംഖലയിലെ അനസ് ഹഖാനിയാണ് ചര്‍ച്ച നടത്തിയത്. കാണ്ഡഹാറില്‍ മറ്റു താലിബാന്‍ നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് വാര്‍ത്തകള്‍. താലിബാന്‍ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം. സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധത്തിനിറങ്ങിയ ബറാദര്‍ അമേരിക്കന്‍ സൈന്യത്തെ നേരിടാനും മുന്നിലുണ്ടായിരുന്നു. അറസ്റ്റിലായി എട്ട് വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം ഖത്തറിലാണ് പ്രവര്‍ത്തിച്ചിരുന്നത്. താലിബാന്‍ ഭരണം പിടിച്ച കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം കാബൂളില്‍ തിരിച്ചെത്തിയത്.

അതിനിടെ ഹെറാത്ത് നഗരത്തില്‍ പെണ്‍കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തി. സംഘര്‍ഷ സാഹചര്യമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടാഴ്ച സ്‌കൂളുകള്‍ അടച്ചിട്ടിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം താലിബാന്‍ തടയുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയില്ലെന്ന് താലിബാന്‍ നേതാക്കള്‍ പിന്നീട് വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് ഹെറാത്തിലെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ എത്തിയത്.

അതേസമയം, രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി കുടുംബത്തോടൊപ്പം യുഎഇയിലെത്തി എന്നാണ് പുതിയ വിവരം. അദ്ദേഹം ആദ്യം പോയത് അയല്‍രാജ്യമായ താജിക്കിസ്താനിലേക്കായിരുന്നു. അനുമതി കിട്ടാത്തതിനാല്‍ ഒമാനിലേക്ക് പോയി എന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഗനി യുഎഇയിലുണ്ടെന്നും മാനുഷിക പരിഗണനയോടെ അനുമതി നല്‍കിയിരിക്കുകയാണെന്നും യുഎഇ അറിയിച്ചു.












Click it and Unblock the Notifications