ടാറ്റൂ പതിച്ച അമ്മയ്ക്ക് മുലയൂട്ടാമെന്ന് കോടതി
സിഡ്‌നി: ശരീരത്തില്‍ ടാറ്റൂ പതിച്ചതിനാല്‍ പതിനൊന്നുമാസം പ്രായമുള്ള കുട്ടിക്ക് മുലയൂട്ടുന്നതിന് അമ്മയെ വിലക്കിയ കോടതി ഉത്തരവ് മേല്‍ക്കോടതി തടഞ്ഞു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ടാറ്റൂ പതിച്ച അമ്മ കുട്ടിക്ക് മുലയൂട്ടുന്നത് എച്ച്‌ഐവി അല്ലെങ്കില്‍ മറ്റു രോഗങ്ങള്‍ പകരാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അമ്മയെ വിലക്കിയത്.
എന്നാല്‍ കുടുംബ കോടതിയിലെ ഫുള്‍ബെഞ്ച് വിധി തടഞ്ഞു. അമ്മയ്ക്ക് കുട്ടിയെ മുലയൂട്ടുന്നതിന് വിലക്കില്ലെന്നും ഇത്തരത്തില്‍ രോഗം പകരുമെന്ന് കണ്ടെത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇരുപതുകാരിയായ കുട്ടിയുടെ അമ്മയുമായി അകന്നു കഴിയുന്ന പിതാവാണ് കോടതിയില്‍ പരാതിയുമായി എത്തിയത്. കുട്ടിയെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി.

ഒരു മാസം മുന്‍പാണ് യുവതി കൈകളിലും കാലുകളിലും ടാറ്റൂ പതിപ്പിച്ചത്. ഇതുവഴി എച്ച്‌ഐവി രോഗം പടരാമെന്നായിരുന്നു യുവാവിന്റെ പരാതി. ഇതേ തുടര്‍ന്ന് എച്ച്‌ഐവി ടെസ്റ്റ് നടത്തി അമ്മ കോടതിയിലെത്തിയെങ്കിലും മൂന്നു മാസം കഴിയാതെ ഇത്തരം ഒരു ടെസ്റ്റിന് പ്രസക്തിയില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
എന്നാല്‍, കീഴ്‌ക്കോടതി വിധിയുടെ ഫുള്‍ബെഞ്ച് തള്ളി. കുട്ടികള്‍ക്ക് ഇത്തരത്തില്‍ മാരകരോഗം പടരുന്നത് കണ്ടെത്തിയിട്ടില്ലെന്നും ചെറിയ കുട്ടി ആയതിനാല്‍ മുലയൂട്ടല്‍ നിര്‍ബന്ധമാണെന്നും കോടതി വിധിച്ചു. ഇതാദ്യമായാണ് ടാറ്റൂവിന്റെ പേരില്‍ ഒരു അമ്മ കോടതി കയറുന്നതും അനുകൂല വിധി സമ്പാദിക്കുന്നതും.












Click it and Unblock the Notifications