ചൈനയില്‍ മണ്ണിടിച്ചില്‍: 15 പേര്‍ കൊല്ലപ്പെട്ടു, 120 പേരെ കാണാതായി!!
ടിബറ്റിനും ക്വിയാംഗിനും മധ്യേ 62ഓളം വീടുകളുള്ള പർവ്വതത്തിന് മുകളിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.
ബെയ്ജിംഗ്: ചൈനയില്‍ മണ്ണിടിച്ചിലില്‍ 15 പേർ കൊല്ലപ്പെട്ടു. 120ഓളെ പേരെ കാണാതായി. സൗത്ത് വെസ്റ്റ് ചൈനയിലെ സിച്വുവാൻ പ്രവിശ്യയിലെ മലയോര ഗ്രാമത്തിലാണ് ഞായറാഴ്ച പുലർച്ചെ മണ്ണിടിച്ചിലുണ്ടായത്. ടിബറ്റിനും ക്വിയാംഗിനും മധ്യേ 62ഓളം വീടുകളുള്ള പർവ്വതത്തിന് മുകളിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.
പർവ്വതത്തിന്‍റെ വശത്തുനിന്ന് മണ്ണിടിഞ്ഞതോടെ രണ്ട് കിലോമീറ്ററോളം നദിയും 1,600 മീറ്ററോളം റോഡും തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്ന് 15 മൃതദേഹങ്ങൾ കണ്ടെടുത്തതായും 120 പേരെ കാണാതായിട്ടുണ്ടെന്നും മോക്സിയൻ സർക്കാർ വെയ്ബോ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. 141 പേർ മണ്ണിനടിയിലായതായി നേരത്തെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കേറ്റ ദമ്പതികളും കുട്ടിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും സർക്കാർ വ്യക്തമാക്കുന്നു.

പ്രദേശത്ത് 2,000 രക്ഷാ പ്രവർത്തകരും സൈനികരും ചേർന്ന് മണ്ണ് നീക്കി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഡ്രോണുകൾ, ലേസർ സ്കാനറുകൾ തുടങ്ങിയ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് പോലീസും ജിയോളജി, ഹൈഡ്രോളജി വിദഗ്ദരും പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്. മണ്ണിടിച്ചിലിൻറെ കാരണം കണ്ടെത്താൻ ചൈനീസ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2008ൽ സിച്വാനിലുണ്ടായ ഭൂചലനം 87,000 പേരുടെ മരണത്തിനിടയാക്കിയിരുന്നു. മരിച്ചവരിൽ 37 പേർ വിനോദസഞ്ചാരികളായ വിദേശികളായിരുന്നു.












Click it and Unblock the Notifications