പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക; സൗദി യാത്രാ നിബന്ധനകൾ പുതുക്കി; പുതിയവ ഇങ്ങനെ...
പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക; സൗദി യാത്രാ നിബന്ധനകൾ പുതുക്കി; പുതിയവ ഇങ്ങനെ...
സൗദി: കൊവിഡിന്റെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയ യാത്രാ നിബന്ധനകൾ പുതുക്കി. ഇനി മുതൽ സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വെയ്ക്കണമെന്നാണ് പുതിയ നിർദേശം.
സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകൾക്കും നിർദ്ദേശം ബാധകമാണ്. സൗദി ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുതുക്കിയത്.
അതേസമയം, സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഫെബ്രുവരി 9-ന് പുതിയ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ, 8 വയസിന് താഴെ പ്രായമുള്ളവർക്ക് കൊവിഡ് പരിശോധന ആവശ്യമില്ല.

അതേസമയം, നേരത്തെ യാത്രയ്ക്കായി പുറപ്പെടുന്നവർ 72 മണിക്കൂറിനിടയിലെ കൊവിഡ് പരിശോധന ഫലം കരുതണം എന്നതായിരുന്നു നിർദ്ദേശം. എന്നാൽ, ഈ നിർദേശമാണ് ഇപ്പോൾ 48 മണിക്കൂറാക്കി കുറച്ചിരിക്കുന്നത്. ഫെബ്രുവരി 9 പുലർച്ചെ 1 മണി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റർ ഡോസ് എടുക്കണം. വാക്‌സിന്റെ 2 ഡോസ് എടുത്ത് 3 മാസം പൂർത്തിയായവർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ കഴിയും.

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്. എന്നാൽ, 16 വയസിന് താഴെ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ല. 18 വയസ് മുതൽ പ്രായമുള്ളവർ പൊതുയിടങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കണം. കഴിഞ്ഞ ഒന്നാം തിയതി മുതൽ ഈ നിർദ്ദേശവും നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസങ്ങൾക്ക് ശേഷമാണ് ഈ നിബന്ധന ബാധകമാകുക. എന്നാൽ, വാക്‌സിൻ എടുക്കുന്നതിൽ ആരോഗ്യ വകുപ്പ് ഇളവ് നൽകിയവരെയും ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കി.

അതേസമയം, സൗദിയിൽ വ്യാഴാഴ്ച പുതിയ കോവിഡ് രോഗികൾ കുറഞ്ഞ് രോഗമുക്തി കൂടി. പുതുതായി രാജ്യത്ത് 3852 കോവിഡ് രോഗികളും 4638 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,99,069 ഉം രോഗമുക്തരുടെ എണ്ണം 6,53,972 ഉം ആയി. പുതുതായി നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8947 ആയി.

നിലവിൽ 36,150 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1010 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.54 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,306, ജിദ്ദ 267, ദമ്മാം 215, ഹുഫൂഫ് 156, മക്ക 92, മദീന 86. സൗദി അറേബ്യയിൽ ഇതുവരെ 5,79,08,339 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,10,813 ആദ്യ ഡോസും 2,37,47,630 രണ്ടാം ഡോസും 85,49,896 ബൂസ്റ്റർ ഡോസുമാണ്.

എന്നാൽ, ഈ മാസത്തിന്റെ തുടക്കത്തിൽ സൗദി 3,861 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 5,162 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരില്‍ ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,91,125 ഉം രോഗമുക്തരുടെ എണ്ണം 6,44,730 ഉം ആയി. ഫെബ്രുവരി ഒന്നിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications