കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യത; ഒടുവിൽ കുറ്റസമ്മതം നടത്തി ആസ്ട്രസെനാക്ക
ന്യൂഡൽഹി: ഇന്ത്യയിൽ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിനായി വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യത ഉണ്ടെന്ന് തുറന്നുസമ്മതിച്ച് നിർമ്മാണ കമ്പനിയായ ആസ്ട്രസെനാക്ക. യുകെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനാക്ക ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി യുകെയിലെ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഓക്സ്ഫോർഡ് സര്‍വകലാശാലയുമായി സഹകരിച്ചായിരുന്നു ആസ്ട്രസെനാക്ക കോവിഷീൽഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയിലാവട്ടെ ഇത് വിതരണം ചെയ്‌ത അദർ പൂനവാലയുടെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടായിരുന്നു.

വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം എന്നാണ് സൂചന. ദി ടെലിഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കോവിഷീൽഡ് വാക്‌സിൻ നിരവധി കേസുകളിൽ ഗുരുതരമായ രോഗങ്ങളോ മാരകമായ അവസ്ഥകളോ ഉണ്ടാക്കിയതായി ആരോപിച്ച് അസ്‌ട്രസെനാക്ക പലയിടത്തും നിയമനടപടികൾ നേരിടുന്നുണ്ട്.
ആകെ 51 കേസുകളിലായി ഇരകൾ 10 കോടി പൗണ്ട് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് ചൂണ്ടിക്കാട്ടി 2021ല്‍ ജെയ്‌മി സ്‌കോട്ട് എന്നയാളാണ് ഈ കേസിന് തുടക്കമിട്ടതെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ആദ്യഘട്ടത്തിൽ ഇത് അംഗീകരിക്കാൻ കമ്പനി തയ്യാറായിരുന്നില്ല. ഇത്തരം തകരാറുകൾ വാക്‌സിൻ മൂലമാണെന്ന് തങ്ങൾ കരുതുന്നില്ലെന്നായിരുന്നു കമ്പനിയുടെ അഭിഭാഷകർ ഉൾപ്പെടെ കോടതിയെ അറിയിച്ചത്. എന്നാൽ ഒരു വർഷത്തിന് ശേഷം അവർ ഇപ്പോൾ ഇത് അംഗീകരിച്ചതോടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ആശങ്കയിൽ ആഴ്ന്നിരിക്കുന്നത്.
വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ വാക്‌സിൻ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും കാരണമാകും എന്നായിരുന്നു കമ്പനി സമ്മതിച്ചത്. അതേസമയം, അസ്ട്രസെനാക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്നാണ് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയും മറ്റു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും 'കോവിഷീൽഡ്' എന്ന പേരിലാണ് ഈ വാക്‌സിൻ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തത്. ആഗോള തലത്തിൽ തന്നെ കോടിക്കണക്കിന് പേരാണ് ആസ്ട്രസെനാക്കയുടെ വാക്‌സിൻ ഉപയോഗിച്ചത്. പുതിയ വാർത്തകൾ വലിയ ആശങ്കകൾക്കാണ് വഴിയൊരുക്കിയത്.












Click it and Unblock the Notifications