ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന. യുഎസ് പ്രതിരോധ മന്ത്രാലയം പെന്‍റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം കൂടുതൽ വളരാതെ നോക്കണ്ടതുണ്ടെന്നും ഇന്ത്യ യുഎസുമായി അടുക്കുന്ന സാഹചര്യത്തിന് തടയിടണമെന്നുമാണ് ചൈനീസ് നിർദ്ദേശം ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഘർഷം രൂക്ഷമായ 2021ൽ ഉടനീളം യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം അടിസ്ഥാന സൗകര്യ വികസനവും സേനാവിന്യാസവും ഉറപ്പാക്കുകയാണ് ചൈന ചെയ്തതെന്നാണ് പെന്റഗൺ പറയുന്നത്. ഇരു രാജ്യങ്ങളും പ്രശ്ന പരിഹാരത്തിന് തയ്യാറാകാത്തതിനാൽ ചർച്ചയിൽ വലിയ പുരോഗതികളൊന്നും ഉണ്ടായിട്ടില്ലെന്നും പെന്റഗൺ പറയുന്നു.
ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തികളിൽ നിന്നും സേനയെ പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചെങ്കിലും ചൈനയോ ഇന്ത്യയോ വ്യവസ്ഥകൾ അംഗീകരിച്ചില്ല. തങ്ങളുടെ പ്രദേശമാണ് കൈയ്യേറാൻ ശ്രമിച്ചതെന്നാണ് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തിയത്. കഴിഞ്ഞ 46 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലായിരുന്നു 2020ലെ ഗാൽവാൻ താഴ്വരയിൽ നടന്നത്', റിപ്പോർട്ടിൽ പറയുന്നു.
2020 ജൂൺ 15നു രാത്രിയായിരുന്നു ഗാൽവൻ താഴ്വരയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത്. അതിർത്തി സംഘർഷത്തിൽ തോക്ക് ഉപയോഗിക്കരുതെന്ന നിർദ്ദേശമുള്ളതിനാൽ നേരിട്ടായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ ചൈനീസ് പക്ഷത്തും ആളപായം ഉണ്ടായെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും എത്രയെന്ന വ്യക്തമായ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications