സര്‍ക്കാര്‍ നയത്തിനെതിരെ ലക്ഷങ്ങള്‍ തെരുവില്‍; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷിയായി ഇസ്രായേല്‍
നീതിന്യായ വ്യവസ്ഥയേക്കാളും തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടുത്താനാണ് ശ്രമം എന്നാണ് പ്രതിപക്ഷം പറയുന്

ജറുസലേം: ഇസ്രായേല്‍ സര്‍ക്കാരിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധവുമായി ജനങ്ങള്‍. ഗവണ്‍മെന്റിന്റെ ജുഡീഷ്യല്‍ പദ്ധതികള്‍ക്കെതിരെ ലക്ഷക്കണക്കിന് ഇസ്രായേലികള്‍ കഴിഞ്ഞ ദിവസം തെരുവില്‍ അണിനിരന്നു, ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെരുവ് പ്രതിഷേധമാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
കോടതികളുടെ അധികാരത്തെ തടയുന്ന തരത്തിലുള്ള ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ നയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇസ്രായേലിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണിത് എന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. തുടര്‍ച്ചയായ പത്താമത്തെ ആഴ്ചയാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിന് എതിരെ തെരുവിലിറങ്ങുന്നത്.
ഇസ്രായേല്‍ ദേശീയ പതാക കൈയിലേന്തി ഏകദേശം 200,000 ആളുകള്‍ ടെല്‍ അവീവില്‍ എത്തി എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജഡ്ജിമാരുടെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് നിര്‍ണ്ണായക സ്വാധീനം നല്‍കുക, എക്‌സിക്യൂട്ടീവിനെതിരെ ഭരിക്കുന്നതിനോ നിയമനിര്‍മ്മാണം റദ്ദാക്കുന്നതിനോ ഉള്ള സുപ്രീം കോടതിയുടെ കഴിവ് പരിമിതപ്പെടുത്തുക എന്നിവയാണ് സര്‍ക്കാര്‍ പരിഷ്‌കാരം വഴി ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞിരുന്നു. അതേസമയം രാഷ്ട്രീയ എതിരാളികളാണ് പ്രതിഷേധത്തിന് പിന്നില്‍ എന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ആസൂത്രിത പരിഷ്‌കാരങ്ങള്‍ ജുഡീഷ്യറിയെ രാഷ്ട്രീയവല്‍ക്കരിക്കുകയും സ്വേച്ഛാധിപത്യ സര്‍ക്കാരിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

1992 ല്‍ നിയമനിര്‍മാണം തടയാനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ 20 ലേറെ തവണ ഈ നിയമം സുപ്രീംകോടതി ഉപയോഗിച്ചു എന്നാണ് പറയപ്പെടുന്നത്.
നീതിന്യായ വ്യവസ്ഥയേക്കാളും തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് തീവ്ര വലതുപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ പാര്‍ലമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
സര്‍ക്കാരിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടുത്താനാണ് നീക്കം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ വിവിധ അഴിമതി കേസുകളില്‍ അന്വേഷണത്തിനും വിചാരണക്കും നെതന്യാഹു വിധേയനായിരുന്നു. അതിനാല്‍ പരിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.












Click it and Unblock the Notifications