ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി; 10 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക്: ബ്രിക്‌സ് കൂട്ടായ്‌മയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഉടൻ തന്നെ 10 ശതമാനം തീരുവ നിരക്കുകൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ ദ്രോഹിക്കുന്നതിനാണ് ഈ കൂട്ടായ്‌മ രൂപീകരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. യുഎസ് കാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. നേരത്തെയും ബ്രിക്‌സിന് നേരെ ട്രംപ് പലവട്ടം വിമർശനം ഉന്നയിച്ചിരുന്നു.
"ബ്രിക്‌സിലുള്ള ഏതൊരാൾക്കും ഉടൻ തന്നെ 10 ശതമാനം തീരുവ ഏർപ്പെടുത്തും" വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ബ്രിക്‌സ് സഖ്യത്തെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വളർന്നുവരുന്ന ഭീഷണിയായി ഡൊണാൾഡ് ട്രംപ് കാണുകയും യുഎസിനെ ലോക വേദിയിൽ ന്യായമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്‌തതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവ വികാസം.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ആറ് പുതിയ അംഗരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ തന്ത്രപരമായ ചർച്ചകൾക്കായി ഒത്തുകൂടിയ റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറച്ച സന്ദേശം തന്നെ നൽകിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തീരുവ ബാധകമാകും എന്ന മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. "ബ്രിക്‌സിൽ ഉൾപ്പെട്ടാൽ തീർച്ചയായും അവർ 10 ശതമാനം തീരുവ നൽകേണ്ടിവരും, കാരണം ബ്രിക്‌സ് സ്ഥാപിച്ചത് നമ്മളെ ദ്രോഹിക്കാനും, നമ്മുടെ ഡോളറിനെ തരംതാഴ്ത്താനും ഒക്കെയാണ്. പക്ഷേ അത് കുഴപ്പമില്ല. അവർക്ക് ആ കളി കളിക്കണമെങ്കിൽ, എനിക്കും ആ കളിക്കാനറിയാം" ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
"അവർ ഡോളറിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾക്ക് ഒരു മിടുക്കനായ പ്രസിഡന്റുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും നിലവാരം നഷ്‌ടപ്പെടില്ല. കഴിഞ്ഞ പ്രസിഡന്റിനെപ്പോലെ ഒരു മണ്ടനായ പ്രസിഡന്റുണ്ടെങ്കിൽ, നിങ്ങൾക്ക് നിലവാരം നഷ്‌ടപ്പെടും. നമുക്ക് ലോകനിലവാരമുള്ള ഡോളർ നഷ്‌ടപ്പെട്ടാൽ, അത് ഒരു ലോകമഹായുദ്ധം തോൽക്കുന്നത് പോലെയാകും. അത് സംഭവിക്കുന്നത് അനുവദിക്കാനാവില്ല" ട്രംപ് പറഞ്ഞു.
ഡോളറിന്റെ സ്ഥാനത്തെ വെല്ലുവിളിക്കാൻ ആരെങ്കിലും വന്നാൽ അവർ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. "അവരിൽ ആരും ആ വില നൽകേണ്ടിവരുമെന്ന് ഞാൻ കരുതുന്നില്ല" എന്നും ട്രംപ് വ്യക്തമാക്കി. അവർ സ്വമേധയാ ഈ നീക്കത്തിൽ നിന്ന് പിന്മാറിയാൽ തീരുവ വിഷയത്തിൽ പുനർചിന്തനം നടത്താമെന്ന സൂചനയും ഒപ്പം ഭീഷണിയുമാണ് ട്രംപിന്റെ വാക്കുകളിൽ അടങ്ങിയിരുന്നത്. ബ്രിക്‌സ് രാജ്യങ്ങൾ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ കഴിഞ്ഞ ദിവസം ട്രംപ് പ്രധാന വ്യാപാര പങ്കാളികളെ പോലും ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഓഗസ്‌റ്റ് 1 വരെ ഈ വർധനവ് മരവിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ചർച്ചകൾക്ക് അവസരം ലഭിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, മറ്റ് 12 രാജ്യങ്ങൾ എന്നിവ യുഎസുമായുള്ള പുതിയ വ്യാപാര കരാറുകൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ ഓഗസ്‌റ്റ് 1 മുതൽ 25 ശതമാനം തീരുവ നൽകേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications