മൊറോക്കോയില്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി ജനങ്ങള്‍, കെട്ടിടങ്ങള്‍ ആടിയുലഞ്ഞു, മരണനിരക്ക് 1000 കടന്നു
റാബത്ത്: മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍. മരണനിരക്ക് വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ ആയിരത്തിലേറെ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊറോക്കോയില്‍ മരണനിരക്ക് ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. മൂന്നൂറ് പേര്‍ക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സുപ്രധാന നഗരങ്ങള്‍ക്കും, പട്ടണങ്ങള്‍ക്കും പുറത്താണ് കൂടുതലും നാശനഷ്ടങ്ങളുണ്ടായതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തൂ. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂകമ്പത്തിലെ മരണത്തില്‍ അനുശോചിച്ചിരുന്നു. മൊറോക്കോയ്ക്ക് എല്ലാ വിധ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.

6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മൊറോക്കോയില്‍ അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. അതേസമയം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു പ്രകമ്പനം കൂടി 19 മിനുട്ടുകള്‍ക്ക് ശേഷമുണ്ടായതായും യുഎസ് ഏജന്‍സി വ്യക്തമാക്കി. സമീപകാലത്ത് മൊറോക്കോയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
ഉത്തര ആഫ്രിക്കയില്‍ ഭൂകമ്പം വളരെ അപൂര്‍വമായി സംഭവിക്കാറുള്ളതാണ്. അറ്റ്‌ലസ് മലനിരകള്‍ക്ക് അപ്പുറത്താണ് ഭൂകമ്പനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തര ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തൗബ്കലിനും അടുത്തായിട്ടാണ് പ്രഭവകേന്ദ്രമുള്ളത്.അതേസമയം ഭൂകമ്പത്തിന്റെ തീവ്രത പോര്‍ച്ചുഗലിലും, അള്‍ജീരിയയിലും വരെ അനുഭവപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സീ ആന്‍ഡ് അറ്റ്‌മോസ്ഫിയറും, അല്‍ജീരിയയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാല്‍ ഇവിടെ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല. മൊറോക്കോയില്‍ കെട്ടിടം തകര്‍ന്നു വീഴുന്നതിന്റെയും, ഷോപ്പിംഗ് സെന്റര്‍, റെസ്റ്റോറന്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.
ബ്രിട്ടന്‍ സാധ്യമായ സഹായമെല്ലാം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലവര്‍ലി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടിരിക്കുന്നത്. മൊറോക്കോയിലെ സുഹൃത്തുക്കളെ സഹായിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്നും ക്ലവര്‍ലി പറഞ്ഞു. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അള്‍ജീരിയയിലെ ഏഴോളം സംസ്ഥാനങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാല്‍ ഇവിടങ്ങളിലൊന്നും മരണം രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അനുശോചനം അറിയിച്ചിട്ടുണ്ട്. സിറിയയിലെ വൈറ്റ് ഹെല്‍മെറ്റ്‌സ് രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications