
ഉപരോധങ്ങൾ നീക്കിയാൽ ഭഷ്യപ്രതിസന്ധി പരിഹരിക്കാം; വാഗ്ദാനവുമായി പുടിൻ
മോസ്കോ; ആഗോളതലത്തിൽ ഉയർന്നു വരുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ റഷ്യ സഹായിക്കാം എന്ന വാ ഗ്ദാനവുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എന്നാൽ യുദ്ധത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് പുടിൻ ആവശ്യപ്പെടുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
"പാശ്ചാത്യരുടെ രാഷ്ട്രീയ പ്രേരിത നിയന്ത്രണങ്ങൾ നീക്കുന്നതോടെ, ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ ധാന്യങ്ങളുടെയും രാസവളങ്ങളുടെയും കയറ്റുമതി ഗണ്യമായി വർധിപ്പിക്കാൻ റഷ്യൻ ഫെഡറേഷൻ തയ്യാറാണ്." ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അസോവ്, കരിങ്കടൽ തുറമുഖങ്ങളിൽ നിന്ന് സിവിലിയൻ കപ്പലുകൾക്ക് പുറത്തുകടക്കുന്നതിനുള്ള മാനുഷിക ഇടനാഴികൾ ദിവസേന തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും പുടിൻ സംസാരിച്ചു. ആഗോള വിപണിയിലെ ഭക്ഷ്യ വിതരണത്തിലെ പ്രശ്നങ്ങൾക്ക് റഷ്യയാണ് ഉത്തരവാദിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പുടിൻ പറഞ്ഞു.
"ഇപ്പോൾ യുക്രൈനിലെ ഡിപ്പോകളിൽ ഉള്ള ഗോതമ്പ് പുറത്ത് വിടാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കുകയായിരുന്നു ഈ ടെലിഫോൺ കോളിന്റെ ലക്ഷ്യം" എന്ന് ഡ്രാഗി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കറുങ്കടൽ തുറമുഖങ്ങൾ തുറക്കുന്നതിന് റഷ്യയും യുക്രൈനും സഹകരിക്കണം. നിലവിലെ സ്ഥിതി തുടർന്നാൽ യുക്രൈനിലെ ഗോതമ്പ് ആർക്കും ഉപകാരപ്പെടാതെ അവിടെക്കിടന്ന് ചീഞ്ഞ് പോകുകയേ ഉള്ളു എന്നും ഇദ്ദേഹം പറഞ്ഞു. റഷ്യയുടെ ഭാ ഗത്ത് നിന്ന് ഇതിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും വിഷയത്തിൽ യുക്രൈന്റെ നിലപാട് അറിയാൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുമായി ബന്ധപ്പെടുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആ ഗോളതലത്തിൽ പണപ്പെരുപ്പം കുതിച്ചുയര്‍ന്നതോടെ ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ കയറ്റുമതി ചെയ്യുന്ന ഇന്തോനേഷ്യ കയറ്റുമതി നിരോധിച്ചത് ലോക വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ഉത്പാദക രാജ്യങ്ങള്‍ കൂട്ടത്തോടെ കയറ്റുമതി നിയന്ത്രണത്തിലേക്ക് പോകുന്നത് ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്നാണ് ഐ എം എഫ് മുന്നറിയിപ്പ്. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. സൈനിക നടപടികൾ മൂലം റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള വളം, ഗോതമ്പ്, മറ്റ് ചരക്കുകൾ എന്നിവയുടെ വിതരണം തടസ്സപ്പെട്ടിരുന്നു. ലോകത്തിലെ ഗോതമ്പ് വിതരണത്തിന്റെ 30 ശതമാനവും യുക്രൈൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്.