വെസ്റ്റ് ബാങ്കില്‍ എട്ടുവയസ്സുകാരിയെ ജൂതകുടിയേറ്റക്കാരന്‍ കാറിടിച്ച് കൊന്നു
വെസ്റ്റ് ബാങ്കില്‍ എട്ടുവയസ്സുകാരിയെ ജൂതകുടിയേറ്റക്കാരന്‍ കാറിടിച്ച് കൊന്നു
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ എട്ട് വയസ്സുള്ള ഫലസ്തീനി ബാലികയെ ജൂത കുടിയേറ്റക്കാരന്‍ കാറിടിച്ച് കൊന്നു. നബ്‌ലുസ് ജില്ലയിലെ ഫുറൂശ് ബൈത്ത് ദജന്‍ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സുഹൃത്തിനോടൊപ്പം നടന്നുപോവുകയായിരുന്ന അസീല്‍ അബൂ ഔനിനെ കാറിലെത്തിയ കുടിയേറ്റക്കാരന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അസീല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു.
പിതാവിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച ശേഷം കാര്‍ ഓടിച്ചുപോവാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ബോധപൂര്‍വമായ അക്രമമാണെന്ന് സംഭവം വ്യക്തമാക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുടിയേറ്റക്കാരന്റെ കൈവശം ആയുധമുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആയുധം കൊണ്ടുനടക്കാമെന്നും ഫലസ്തീനികള്‍ക്ക് അത് പാടില്ലെന്നുമാണ് ഇസ്രായേലി നിയമം. കാറിന്റെ ഡ്രൈവറെ പോലിസ് പിടികൂടിയതായും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഇസ്രായേലി ദിനപ്പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇസ്രായേലി പോലിസിന്റെ അന്വേഷണം ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള പ്രഹസനം മാത്രമാണെന്ന് അസീലിന്റെ കുടുംബം കുറ്റപ്പെടുത്തി. ഇതിനു മുമ്പും ഇത്തരം അക്രമങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ടെന്നും കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംഭവം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫലസ്തീനി കുട്ടികളെ വാഹനമിടിച്ച് കൊല്ലുന്ന സംഭവം വെസ്റ്റ്ബാങ്കില്‍ ഇത് ആദ്യത്തേതല്ല. 2014ല്‍ നഴ്‌സറി വിട്ട് വീട്ടിലേക്കു പോവുകയായിരുന്ന അഞ്ചുവയസ്സുകാരന്‍ ഇനാസ് ഖലീലിനെ കുടിയേറ്റക്കാരന്‍ കാറിടിച്ച് കൊന്നിരുന്നു. നടപ്പാതയിലൂടെ പോവുകയായിരുന്ന ആറ് വയസ്സുകാരായ നാല് ഫലസ്തീനി കുട്ടികളെ കുടിയേറ്റക്കാരന്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചത് രണ്ടാഴ്ച മുമ്പാണ്.












Click it and Unblock the Notifications