'യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും'; സെലന്‍സ്‌കിയുമായി മോദിയുടെ കൂടിക്കാഴ്ച
ദില്ലി: ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ജപ്പാനിലേക്ക് പുറപ്പെട്ടത്. ജപ്പാന്റെ ക്ഷണപ്രകാരമാണ് യുക്രേനിയന്‍ പ്രസിഡന്റ് ജി 7 ഉച്ചകോടിക്കായി എത്തിയത്.

യുക്രൈന്‍ യുദ്ധം ലോകത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി സെലന്‍സ്‌കിയോട് പറഞ്ഞു. എന്നെ സംബന്ധിച്ച് ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം സെലന്‍സ്‌കിയോട് പറഞ്ഞു.
രാജ്യത്ത് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നതതല പര്യടനത്തില്‍ യുക്രെയ്‌നിന്റെ ആദ്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിന്‍ ധപറോവ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത്, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറിയിരുന്നു.
റഷ്യ-യുക്രേയിന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും പ്രധാനമന്തി വ്യക്തമാക്കിയിരുന്നു. ഹിരോഷിമയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണ കൊറിയിന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ എന്നിവയാണ് ജി 7 രാജ്യങ്ങള്‍. നിലവില്‍ അധ്യക്ഷ കയ്യാളുന്ന ജപ്പാന്‍ ഇന്ത്യയും മറ്റ് ഏഴ് രാജ്യങ്ങളെയും ഉച്ചകോടിക്കായി പ്രത്യേകം ക്ഷണിച്ചത് പ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. അതേസമയം, റഷ്യയുടെ യുക്രെയിന്‍ അധിനിവേശം നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്ന് ജി 7 രാഷ്ട്ര നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പരഞ്ഞു. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറിയതെന്നും നേതാക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications