ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു
ലണ്ടന്‍: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിച്ചു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, നെല്‍സണ്‍ മണ്ടേല എന്നിവരുടെ സമീപത്തായി സ്ഥാപിച്ച പ്രതിമയ്ക്ക് ഒമ്പതടി ഉയരമുണ്ട്. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് സ്ഥാപിച്ചത്.
ബോളിവുഡ് താരം അമിതാബ് ബച്ചന്‍, മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സംയുക്തമായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

മഹാത്മാഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കാനായത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. ലോകത്തിലെ മഹാന്മാരായ നേതാക്കളില്‍ ഒരാളാണ് ഗാന്ധി. അദ്ദേഹത്തെ പോലെ ഒരാളുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കുന്നത് മരണാനന്തര ബഹുമതിയാണെന്നും കാമറൂണ്‍ പറഞ്ഞു.
ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയില്‍ പലയിടത്തും സ്ഥാപിക്കാന്‍ ഹിന്ദു സംഘടനകള്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നതെന്ന് ശ്രദ്ധേയമാണ്. ഗാന്ധിജി ബ്രിട്ടീഷുകാരുടെ ഏജന്റാണെന്ന് പറഞ്ഞ് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ഖക്കണ്ഡേയ കട്ജുയും രാഷ്ട്ര പിതാവിനെ വിമര്‍ശിച്ചിരുന്നു.


Click it and Unblock the Notifications