ഗാസയില്‍ നിന്നും കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടെത്തിയത് 48 മൃതദേഹങ്ങള്‍: ആകെ കൊല്ലപ്പെട്ടത് 47354 പേർ
ജറുസലേം: ഗാസയില്‍ നിന്നും കഴിഞ്ഞ 48 മണിക്കൂറിനിടെ കണ്ടെത്തിയത് 48 മൃതദേഹങ്ങള്‍. വെടിനിർത്തല്‍ നിലവില്‍ വന്നതിന് ശേഷം നടത്തുന്ന പരിശോധനയില്‍ വലിയ തോതില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് തുടരുകയാണെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. അടുത്തിടെ നടന്ന സൈനിക ആക്രമണങ്ങളിൽ 11 പേരാണ് മരിച്ചത്. ഇവരെക്കൂടാതെയുള്ള 37 മൃതദേഹങ്ങൾ നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് കണ്ടെത്തിയത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒക്ടോബർ 7 ന് ശേഷം നടന്ന ആക്രമണങ്ങളില്‍ ഇതുവരെ ഗാസയിലെ മൊത്തം മരണസംഖ്യ 47354 ആയി ഉയുർന്നു. 111563 പേർക്ക് പരിക്കേറ്റെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, ഇസ്രായേല്‍ സേനയുടെ ഭാഗത്ത് നിന്നും വിവിധ ഇടങ്ങളില്‍ വെടിനിർത്തല്‍ കരാറിന്റെ ലംഘനും ഉണ്ടാകുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്.

ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുള്ള രംഗത്ത് വന്നു. ഇസ്രായേല്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടും മൗനം പാലിക്കുന്നത് പ്രതികാരത്തിന് പകരം ക്ഷമ തിരഞ്ഞെടുത്തത് കൊണ്ടാണ്. ഹമാസിനെയും മറ്റു ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കുമെന്ന ഇസ്രായേല്‍ പ്രഖ്യാപനം നടപ്പായില്ലെന്നും ന്നും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം പറഞ്ഞു.
ഗാസയില്‍ നടത്തിയത് പോലെ തന്നെ ലബ്നാനെതിരെ നടന്ന ആക്രമണവും ഇസ്രായേല്‍ നടത്തിയത് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ്. ഇസ്രായേല്‍ ആക്രമണ സമയത്ത് സംഘടന വലിയ വെല്ലുവിളി നേരിട്ടു. ചെറിയ സമയത്തിനുള്ളില്‍ വളരെ അധികം നേതാക്കളെ നഷ്ടമായെങ്കിലും ഞങ്ങള്‍ അതിജീവിച്ചു. ഇസ്രായേല്‍ സൈന്യത്തിന് രാജ്യത്തിന് അകത്തേക്ക് കടക്കാനോ രാജ്യത്തിന് അകത്ത് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ വൃത്തിയാകണമെങ്കിൽ അവിടുത്തെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം തള്ളി പ്രമുഖ രാഷ്ട്രങ്ങള്‍ രംഗത്ത് വന്നു. ഗാസയിലെ അഭയാർഥികളെ ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ട്രംപിന്റെ നിർദേശം. എന്നാല്‍ പലസ്തീനികളെ അവരുടെ മേഖലയില്‍ നിന്നും കുടിയിറക്കത്തിനെതിരായ നിലപാട് ഉറച്ചതാണെന്ന് ജോർദാൻ വ്യക്തമാക്കി. ജോർദാൻ ജോർദാനികൾക്കും പലസ്തീൻ പലസ്തീനുകൾക്കും ഉള്ളതാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി കൂട്ടിച്ചേർത്തു. പലസ്തീൻ ജനതയുടെ അവകാശത്തെ എല്ലാക്കാലവും പിന്തുണക്കുമെന്ന് ഈജിപ്തും അറിയിച്ചു












Click it and Unblock the Notifications