Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഇവിടെങ്ങും നില്‍ക്കില്ല; കൂട്ടായി ക്രൂഡ് ഓയിലുമുണ്ടാകും; എല്ലാത്തിനും കാരണം ആ ഒരൊറ്റ നീക്കം

ട്രംപ് ഉയർത്തിവിട്ട താരിഫ് ഭീഷണി പ്രതിസന്ധിയില്‍ നിന്നും പതിയെ കരകയറിവരുന്ന ലോകസാമ്പത്തികക്രമത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം. ഇറാന്‍-ഇസ്രായേല്‍ സംഘർഷം പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന കാര്യമാണെങ്കില്‍ "ഓപ്പറേഷൻ റൈസിംഗ് ലയൺ" എന്ന് പേരിട്ട ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഇസ്രായേലിനെതിരെ ഇറാനും പ്രത്യാക്രമണം തുടങ്ങിയിട്ടുണ്ട്.

ഇസ്രായേല്‍-ഇറാന്‍ സംഘർഷം ആഗോള വിപണികളിൽ, പ്രത്യേകിച്ച് സ്വർണ വിലയിലും ക്രൂഡ് ഓയിൽ വിലയിലും വലിയ സ്വാധീനമാണ് ചെലുത്തിയത്. ഭൌമരാഷ്ട്രീയ പ്രതിസന്ധികളില്‍ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ഒഴുകിയെത്തുന്നത് സ്വാഭാവികമാണ്. ഇത് സ്വർത്തിന്റെ ഡിമാന്‍ഡും തല്‍ഫലമായി വിലയും ഉയരും. വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാമെന്ന ആശങ്കയാണ് ക്രൂഡ് ഓയില്‍ വില വർധനവിന് പിന്നിലെ കാരണം.

gold-crude-oil

ആഗോള ക്രൂഡ് ഓയിൽ ഉൽപാദനത്തിന്റെ 30% വിഹിതമുള്ള പ്രധാന എണ്ണ ഉൽപാദക മേഖലയാണ് മിഡിൽ ഈസ്റ്റ്. ഒപെക് അംഗമായി ഇറാന്റെ തന്നെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം 3.7 ദശലക്ഷം ബാരലാണ്. ഇത് ആഗോള വിതരണത്തിന്റെ ഏകദേശം 4% വരും. ഇസ്രായേലിന്റെ ആക്രമണം ഇറാന്റെ എണ്ണ ഉൽപാദന സൗകര്യങ്ങൾ, പ്രത്യേകിച്ച് ഖാർഗ് ദ്വീപിലെ പ്രധാന കയറ്റുമതി ടെർമിനലും ലക്ഷ്യമിട്ടതിനാൽ,എണ്ണ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ എണ്ണ ഉൽപാദനത്തില്‍ കുറവുകള്‍ ഉണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇറാനില്‍ നിന്നുമുള്ള എണ്ണയുടെ വരവില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാല്‍ ചൈനീസ് റിഫൈനറികളെ മറ്റ് വിതരണ സ്രോതസ്സുകൾ തേടാൻ പ്രേരിപ്പിക്കും. ഇത് ആഗോള വിപണിയിൽ മത്സരവും വില വർദ്ധനവും ഉണ്ടാക്കും.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്ന സ്‌ട്രെയ്റ്റ് ഓഫ് ഹോർമുസ്, ഇറാന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന ചോക്ക്‌പോയിന്റാണ് എന്നതാണ് മറ്റൊരു പ്രധാന വിഷയം. ഇറാൻ, ഇസ്രായേലിന്റെ ആക്രമണത്തിന് പ്രതികാരമായി ഈ ജലപാത അടയ്ക്കുകയോ കപ്പലുകൾ ആക്രമിക്കുകയോ ചെയ്താൽ, സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ എന്നിവയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടും. ഇത് ബ്രെന്റ് ക്രൂഡ് വില 100-ന് മുകളിലേക്കോ, ഏറ്റവും മോശം സാഹചര്യത്തിൽ 300-ന് മുകളിലേക്കോ ഉയർത്താം. അതായത് നിലവിലെ വിലയുടെ ഏതാണ് 230 ലേറെ ഇരട്ടിയിലേക്ക്.

2019-ൽ സൗദി അറേബ്യയിലെ അബ്‌കൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ ഇറാൻ-പിന്തുണയുള്ള ആക്രമണം നടന്നത് എണ്ണ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായിരുന്നു. സമാനമായ ആക്രമണങ്ങൾ ആവർത്തിച്ചാൽ, ആഗോള എണ്ണ വിപണിയിൽ വിതരണ തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് റാപിഡൻ എനർജി ഗ്രൂപ്പിന്റെ ബോബ് മക്‌നല്ലി മുന്നറിയിപ്പ് നൽകുന്നു.

ഇസ്രായേലിന്റെ ഇന്നത്തെ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ നിരക്കില്‍ ഏതാണ് പത്ത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നിലവില്‍ ബാരലിന് 75.25 ഡോളർ എന്നതാണ് ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ നിരക്ക്. ഇറാന്റെ എണ്ണ ഉൽപാദനം പൂർണമായും തടസ്സപ്പെട്ടാൽ, വില 86-നടുത്തേക്കും ഹോർമുസ് ജലപാതയിലെ ഗതാഗതം തടസ്സപ്പെട്ടാല്‍ വില 101 ഡോളറിന് മുകളിലേക്കും എത്താമെന്നാണ് ക്ലിയർവ്യൂ എനർജിയുടെ പ്രവചനം. വില വർധനവ് പ്രധാന ക്രൂഡ് ഓയില്‍ ഇറക്കുമതി രാഷ്ട്രങ്ങളായ ഇന്ത്യക്കുള്‍പ്പെടെ കനത്ത തിരിച്ചടിയായിരിക്കും.

സ്വർണ വിലയിലേക്ക് വരികയാണെങ്കില്‍ ഇസ്രായേൽ-ഇറാൻ സംഘർഷം, ആഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പ ഭീഷണിയും വർദ്ധിപ്പിക്കുകയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്റെ ഡിമാന്‍ഡും വിലയും വർധഇപ്പിക്കുന്നു. ഇസ്രായേല്‍ ആക്രമണ വിവരം പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയിലെ സ്വർണ വില 10 ഗ്രാമിന് 100403 എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയർന്നു. കേരളത്തില്‍ പവന് 1500 രൂപയിലേറെ ഉയർന്നതോടെ വില 74360 എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്കുമെത്തി.

ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് ആഗോള പണപ്പെരുപ്പം ഉയർത്തുന്നു, ഇത് സെൻട്രൽ ബാങ്കുകളെ പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് തടയുന്നു. ഉയർന്ന പണപ്പെരുപ്പം സ്വാഭാവികമായും സ്വർണത്തിന്റെ ആകർഷണവും വർദ്ധിപ്പിക്കുന്നു. സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുയാണെങ്കില്‍ ആഗോള വിപണിയില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 4000 ത്തിന് മുകളിലേക്ക് കുതിക്കുന്ന കാലം വിദൂരമല്ല. ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം എന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇതും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+