ജിസിസി ഉച്ചകോടി; സൗദി സഖ്യം ത്രിശങ്കുവില്‍, പങ്കെടുത്താലും ഇല്ലെങ്കിലും പെടും

  • Posted By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ കുവൈത്തില്‍ നടക്കുന്ന ജിസിസി ഉച്ചകോടി ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി സഖ്യത്തിന് വലിയ വെല്ലുവിളിയാകും. സൗദി അറേബ്യയ്ക്കു പുറമെ യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെയാണ് ജിസിസി ഉച്ചകോടി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പങ്കെടുത്താല്‍ കീഴടങ്ങലായി മാറും

പങ്കെടുത്താല്‍ കീഴടങ്ങലായി മാറും

രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും കുഴപ്പമെന്ന നിലയിലാണ് ഈ മൂന്ന് രാഷ്ട്ര നേതാക്കളുടെ അവസ്ഥ. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളാണിവ. ഖത്തറാവട്ടെ, ഉപരോധ രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഈ നേതാക്കള്‍ പങ്കെടുത്താന്‍ അതൊരു കീഴടങ്ങലായി വിലയിരുത്തപ്പെടും. ഖത്തറുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാടിലായിരുന്നു ഈ രാഷ്ട്രങ്ങള്‍.

പങ്കെടുത്തില്ലെങ്കിലും വിമര്‍ശനമുയരും

പങ്കെടുത്തില്ലെങ്കിലും വിമര്‍ശനമുയരും

ഖത്തര്‍ പ്രശ്‌നത്തില്‍ ജി.സി.സി ഉച്ചകോടി ബഹിഷ്‌ക്കരിക്കാമെന്നു വെച്ചാല്‍ സൗദിക്കും യുഎഇക്കും ബഹ്‌റൈനും വലിയ തിരിച്ചടിയായി അത് മാറും. അറബ് ഐക്യത്തിന് തുരങ്കം വെച്ചവരായി ഇവര്‍ സ്വന്തം ജനതയ്ക്കു മുമ്പിലും അറബ് ലോകത്തും വിലയിരുത്തപ്പെടും. ജിസിസി രാഷ്ട്രങ്ങള്‍ തമ്മിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള വേദിയെന്ന നിലയിലാണ് കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് ജിസിസി ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതു തന്നെ. അതിനുള്ള അവസരം ഇല്ലാതാക്കുന്നത് വലിയ അപരാധമായാവും വിലയിരുത്തപ്പെടുക.

 ആരൊക്കെ പങ്കെടുക്കും?

ആരൊക്കെ പങ്കെടുക്കും?

ജിസിസി ഉച്ചകോടിക്കുള്ള ക്ഷണക്കത്ത് ആതിഥേയ രാജ്യമായ കുവൈത്ത് നേരത്തേ തന്നെ എല്ലാവര്‍ക്കും അയച്ചിരുന്നു. എന്നാല്‍ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എന്നീ രണ്ടുപേരാണ് ഉച്ചകോടിയില്‍ എത്തിച്ചേരുമെന്ന് ഇതിനകം പ്രഖ്യാപിച്ചത്. മറ്റു അംഗരാഷ്ട്രത്തലവന്‍മാര്‍ പങ്കെടുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഖത്തര്‍ പങ്കെടുക്കുമെങ്കില്‍ തങ്ങളില്ലെന്ന് കഴിഞ്ഞ മാസം ബഹ്‌റൈന്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 വിദേശമന്ത്രിമാര്‍ യോഗം ചേര്‍ന്നു

വിദേശമന്ത്രിമാര്‍ യോഗം ചേര്‍ന്നു

അതിനിടെ, ജിസിസിയിലെ ആറ് അംഗരാഷ്ട്രങ്ങളായ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുടെ വിദേശകാര്യ മന്ത്രിമാര്‍ ഉച്ചകോടിയുടെ മുന്നോടിയായി കുവൈത്തില്‍ യോഗം ചേര്‍ന്നു. വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും ജിസിസിയുടെ ഐക്യം ഭദ്രമായി നിലകൊള്ളുന്നതായി യോഗം ഉദ്ഘാടനം ചെയ്ത കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അഭിപ്രായപ്പെട്ടു. മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഒരു രൂപരേഖ ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി പറഞ്ഞു.

 ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യും

കുവൈത്തില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ അജണ്ട എന്തൊക്കെയാണെന്ന് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഖത്തര്‍ ഉപരോധവും അത് ഗള്‍ഫ് മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അറേബ്യന്‍ ഉപദ്വീപിലെ സാമ്പത്തിക-വാണിജ്യ-സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 1981ല്‍ രൂപീകൃതമായ ജിസിസി ഉച്ചകോടിയുടെ അവസാന യോഗം കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ വച്ചായിരുന്നു നടന്നത്.

English summary
Foreign ministers of six Gulf countries have met in Kuwait in one of the highest official encounters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്