മൂന്ന് ബന്ദികളെ റെഡ് ക്രോസിന് കൈമാറി ഹമാസ്; ഉടൻ ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങും
ടെൽ അവീവ്; ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളെ കൈമാറി ഹമാസ്. ഇസ്രായേൽ-റുമാനിയൻ പൗരയായ ഡോറോൻ സ്റ്റൈൻബ്രെചർ, ബ്രിട്ടീഷ് -ഇസ്രായേൽ പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനൈൻ എന്നിവരെയാണ് റെഡ് ക്രോസിന് കൈമാറിയത്. ഇസ്രായേൽ ഉടൻ ഇവരെ ഏറ്റുവാങ്ങും. തുടർന്ന് ഇവരെ ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ എത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

മോചിതയാക്കപ്പെടുന്ന ഡോറോൻ നഴ്സാണ്. സംഗീത നിശയിൽ പങ്കെടുക്കവെയാണ് നോവയെ ഹമാസ് ബന്ദിയാക്കിയത്. എമിലിയെ തന്റെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഹമാസ് പിടികൂടിയത്. അതേസമയം വെടിനിർത്തൽ കരാറിലൂടെ 15 മാസം നീണ്ട് നിന്ന യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്. ഖത്തർ, യുഎസ്, ഈജിപ്ത് രാജ്യങ്ങളുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് വെടിനിർത്തൽ കരാറിലേക്ക് ഹമാസും ഇസ്രായേലും എത്തിയത്.
അതേസമയം കരാർ നടപ്പാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കരാറിൽ നിന്ന് പിന്നോട്ട് പോകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് അൽപ സമയത്തെ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയിരുന്നില്ല. പേരുകൾ കൈമാറാതെ കരാർ നടപ്പിലാക്കില്ലെന്ന് തോടെ ഇസ്രായേൽ വ്യക്തമാക്കുകയായിരുന്നു. ഇതോടെ കരാർ പ്രാബല്യത്തിൽ വരേണ്ട സമയം വൈകി. ഒടുവിൽ ഹമാസ് മൂന്ന് പേരുടെ പട്ടിക കൈമാറിയതോടെയാണ് ഇസ്രായേൽ നിലപാടിൽ നിന്നും പിന്നോട്ടടിച്ചത്. സാങ്കേതിക തടസത്തെ തുടർന്നാണ് പട്ടിക കൈമാറാൻ സാധിക്കാതിരുന്നതെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
അതേസമയം ആദ്യഘട്ടത്തിൽ 33 ബന്ദികളെയാണ് ഹമാസ് കൈമാറുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെയായിരിക്കും മോചിപ്പിക്കുക. കരാർ നടപ്പിലായി ഏഴാ ദിവസത്തിൽ 4 പേരേയും 14ാം ദിവസത്തിൽ മൂന്ന് പേരേയും മോചിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിലായിരിക്കും മറ്റുള്ളവരെ മോചിപ്പിക്കുക. ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യവും വരും ദിവസങ്ങളിൽ പിൻമാറും. ഗാസയിലേക്ക് സഹായങ്ങളും കൂടുതലായി എത്തിക്കാനും കരാറിൽ തീരുമാനമായിട്ടുണ്ട്.
അതിനിടെ വെടിനിർത്തൽ കരാറിനെ ചൊല്ലി ഇസ്രായേൽ സർക്കാരിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. തീരുമാനത്തെ ചൊല്ലി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും അദ്ദേഹത്തിന്റെ പാർട്ടിയായ ഒട്സ്മ യെഹുദീതിൽ നിന്നുള്ള മറ്റ് രണ്ട് മന്ത്രിമാരും രാജിവെച്ചു. സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചു. കരാറിലേർപ്പെടാനുള്ള തീരുമാനം ഹമാസിന് മുന്നിൽ കീഴടങ്ങലാണെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. അതേസമയം പിന്തുണ പിൻവലിച്ചെങ്കിലും നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല.












Click it and Unblock the Notifications