ലോകം മാന്ദ്യത്തിലേക്കോ? ജോലിക്കാരെ വെട്ടിക്കുറക്കുമെന്ന് ഫിലിപ്പ്‌സും
വാഷിംഗ്ടണ്‍: ബഹുരാഷ്ട്ര കമ്പനികളിലെ ജോലി വെട്ടിക്കുറക്കുന്നത് തുടരുന്നു. മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികള്‍ക്ക് പിന്നാലെ ആഗോള സാങ്കേതിക സ്ഥാപനമായ ഫിലിപ്സും ജോലികള്‍ വെട്ടിക്കുറക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പനിയുടെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടപ്പോഴാണ് ഫിലിപ്പ്‌സ് ഇക്കാര്യം അറിയിച്ചത്.
കമ്പനിയുടെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ചടുലത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് 4,000 ജോലികള്‍ വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവര്‍ത്തനപരവും വിതരണവുമായ വെല്ലുവിളികളാണ് മൂന്നാം പാദ വില്‍പ്പനയെ ബാധിച്ചതെന്ന് ഫിലിപ്പ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഞങ്ങളുടെ തൊഴിലാളികളെ ആഗോളതലത്തില്‍ കുറയ്ക്കുന്നതിനുള്ള തീരുമാനം എടുക്കേണ്ടി വന്നിരിക്കുന്നു. ഇത് ഏറെ ബുദ്ധിമുട്ടുള്ളതും എന്നാല്‍ ആവശ്യമുള്ളതുമായ തീരുമാനമാണ്. ഇത് ഞങ്ങള്‍ നിസാരമായി കാണുന്നില്ല, ഫിലിപ്പ്‌സ് സി ഇ ഒ റോയ് ജേക്കബ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഫിലിപ്സിന്റെ ലാഭകരമായ വളര്‍ച്ചാ സാധ്യതകള്‍ തിരിച്ചറിയുന്നതിനും ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും മൂല്യം സൃഷ്ടിക്കുന്നതിനും കമ്പനിയെ മാറ്റാന്‍ ഈ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ് എന്നും ജേക്കബ്‌സ് ഫിലിപ്പ്‌സ് പറഞ്ഞു. പ്രവര്‍ത്തനപരവും വിതരണവുമായ വെല്ലുവിളികള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ചൈനയിലെ കൊവിഡ് റഷ്യ - യുക്രൈന്‍ യുദ്ധം എന്നിവയാണ് ഈ പാദത്തിലെ ഫിലിപ്‌സിന്റെ പ്രകടനത്തെ സാരമായി സ്വാധീനിച്ചത്.
4.3 മില്യണ്‍ യൂറോയുടെ വിപണനമാണ് കമ്പനിക്ക് ഈ പാദത്തില്‍ ഉണ്ടായത് എന്നും വിപണനത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഫിലിപ്പ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മൈക്രോസോഫ്റ്റ് ജോലിക്കാരെ വെട്ടിക്കുറിച്ചത്.
കഴിഞ്ഞ ആഴ്ച വിവിധ ഡിവിഷനുകളിലായി ആയിരത്തില്‍പരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം മൈക്രോസോഫ്റ്റില്‍ ആകെ 2,21,000 ജീവനക്കാരാണുള്ളത്. മെറ്റ, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് എന്നിവയുള്‍പ്പെടെ നിരവധി ടെക്നോളജി കമ്പനികളും കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനെ തുടര്‍ന്നാണ് കമ്പനികള്‍ സമ്മര്‍ദ്ദത്തിലായത്.












Click it and Unblock the Notifications