പാകിസ്താനില്‍ വീണ്ടും ഹിന്ദു ക്ഷേത്രം കത്തിച്ചു
ഇസ്ലാമാബാദ്: പാകിസ്താനില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നു. തെക്കന്‍ പ്രവിശ്യയായ സിന്ധില്‍ ഒരു കൂട്ടം ആളുകള്‍ ക്ഷേത്രത്തിലെ ദൈവ രൂപങ്ങളെ അടിച്ചു തകര്‍ക്കുകയും കെട്ടിടം അഗ്നിക്കിരയാക്കുകയും ചെയ്തു. ലത്തീഫാബാദിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലാണ് ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തിലെത്തിയ സംഘം പ്രധാനവിഗ്രഹം അടിച്ചു തകര്‍ക്കുകയും മണ്ണെണ്ണയൊഴിച്ച് കെട്ടിടം അഗ്നിക്കിരയാക്കുകയുമായിരുന്നു. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്. എല്ലാവര്‍ഷവും ഏപ്രില്‍ 14ന് ഈ ക്ഷേത്രത്തില്‍ വിവിധ ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. 600ഓളം ഹിന്ദു കുടുംബങ്ങള്‍ ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്നുണ്ട്.

അതേ സമയം ആക്രമണത്തിനു പിന്നില്‍ മുസ്ലീം തീവ്രവാദികളാകാനുള്ള സാധ്യത കുറവാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ട ചില സാമുഹിക ദ്രോഹികളാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. മാര്‍ച്ച് 15ന് സമാനമായ ആക്രമണത്തിലൂടെ മറ്റൊരു ക്ഷേത്രവും തകര്‍ത്തിരുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷം ഹിന്ദുക്കളാണ്. സിന്ധ് മേഖലയിലാണ് ഇവര്‍ കൂടുതലും താമസിക്കുന്നത്. ഹിന്ദു സ്ത്രീകളെ തട്ടികൊണ്ടു പോകലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തലും ഈ മേഖലയില്‍ പതിവാണ്.


Click it and Unblock the Notifications