ഹുദൈദയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് അറബ് സഖ്യം... സൗദിക്ക് ഇതില്‍ പങ്കില്ല... പിന്നില്‍ ആരാണ്?
സനാ: ഹുദൈദയില്‍ സൗദി അറേബ്യയുടെ വ്യോമാക്രമണത്തില്‍ 55 പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. സൗദിയുടെ ക്രൂരതയ്‌ക്കെതിരെ പ്രദേശവാസികള്‍ തന്നെ രംഗത്തെത്തിയിരുന്നു. ആശുപത്രിയെയും സാധാരണക്കാരെയുമാണ് സൗദി കണ്ണില്‍ ചോരയില്ലാതെ ആക്രമിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ആക്രമണം ആരാണ് നടത്തിയതെന്ന കാര്യത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. തങ്ങള്‍ ആശുപത്രികളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നാണ് സൗദിയുടെ വാദം.
നേരത്തെ സൗദിയുടെ എണ്ണ കപ്പലുകള്‍ ഹൂത്തി വിമതര്‍ തകര്‍ത്തതിലുള്ള പ്രതികാര നടപടിയായിട്ടാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സൗദിയുടെ തിരിച്ചടി ലക്ഷ്യബോധമില്ലാത്തതാണെന്നാണ് വിമര്‍ശനം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. ആരു ചെയ്താലും ജനവാസ മേഖലയില്‍ ആക്രമണം നടത്തരുതെന്ന കരാറാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

ഹൂത്തികള്‍ തന്നെ....
ഹുദൈദയിലെ പ്രമുഖമായ ആശുപത്രി ആക്രമിച്ചത് ഹൂത്തികള്‍ തന്നെയാണെന്ന് അറബ് സഖ്യം ആരോപിച്ചു. സഖ്യത്തിന്റെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അറബ് സഖ്യം ഹുദൈദയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇതിന് പിന്നില്‍ ഭീകരര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമപ്രകാരം.....
അന്താരാഷ്ട്ര നിയമപ്രകാരമാണ് അറബ് സഖ്യം പ്രവര്‍ത്തിക്കുന്നത്. ജനവാസ മേഖലയിലും ആശുപത്രികളിലും ആക്രമണം നടത്തില്ലെന്ന് അന്താരാഷ്ട്ര നിയമപ്രകാരം അറബ് സഖ്യം തീരുമാനിച്ചതാണ്. അതുകൊണ്ട് ആക്രമണത്തില്‍ യാതൊരു പങ്കും ഉണ്ടാവില്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തും. സത്യം ഉണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും മാല്‍ക്കി പറഞ്ഞു.

ഹൂത്തികള്‍ക്കെതിരെ പോരാട്ടം
അറബ് സഖ്യം ഹൂത്തികള്‍ക്കെതിരെ പോരാട്ടം തുടരും. ഹുദൈദയെ ഹൂത്തികളില്‍ നിന്ന് മോചിപ്പിക്കുന്നത് വരെ സൈനിക നീക്കങ്ങള്‍ തുടരും. യെമനില്‍ സമാധാനം കൊണ്ടുവരികയാണ് അറബ് സഖ്യത്തിന്റെയും സൗദിയുടെയും ലക്ഷ്യം. ഹൂത്തികള്‍ അവിടെയുള്ള സമാധാനം അട്ടിമറിക്കുന്നവരാണ്. അതുകൊണ്ട് ഇപ്പോഴുള്ള പോരാട്ടം തുടരുമെന്നും അറബ് സഖ്യം വക്താവ് പറഞ്ഞു.

ഹൂത്തികള്‍ തന്നെ....
വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷും ഹൂത്തികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അറബ് സഖ്യത്തിന്റെ അന്വേഷണത്തില്‍ ഹൂത്തികളുടെ ആക്രമണത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഷെല്ലാക്രമണമാണ് ഹൂത്തികള്‍ നടത്തിയത്. ഹുദൈദയിലെ ആശുപത്രി സൗദിയുടെ ആക്രമണത്തിന്റെ ഭാഗമായിരുന്നില്ലെന്നും സഖ്യം പറയുന്നു. റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള ആശുപത്രിയാണിത്.

മൃഗീയമായ ആക്രമണം
സമീപകാലത്തുണ്ടായതില്‍ ഏറ്റവും മൃഗീയമായ ആക്രമണമായിരുന്നു ഇത്. സൗദിക്കെതിരെ വന്‍ പ്രതിഷേധമാണ് ഇതിന്റെ പേരില്‍ ഉയര്‍ന്നത്. സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിച്ചെന്നായിരുന്നു ആരോപണം. 55 പേരാണ് കൊല്ലപ്പെട്ടത്. സൗദിയുടെ വ്യോമാക്രമണം സാധാരണക്കാരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. യമന്‍ സൗദിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കൂട്ടക്കുരുതിയെന്നാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ വിശേഷിപ്പിച്ചത്.

യുഎന്‍ അപലപിച്ചു
ആക്രമണത്തെ യുഎന്‍ അപലിച്ചിട്ടുണ്ട്. വളരെ ഞെട്ടിക്കുന്നതാണിത്. കുടുംബങ്ങളുടെ സ്വപ്‌നങ്ങളും നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള ശ്രമങ്ങളുമാണ് ആക്രമണത്തില്‍ തകര്‍ന്നതെന്ന് യുഎന്‍ പറഞ്ഞു. ഈ ആക്രമണം യെമനില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സൗദിയുടെ പേര് യുഎന്‍ എടുത്ത് പറഞ്ഞിട്ടില്ല. വിമതരെയും അറബ് സഖ്യത്തെയും സമാധാനശ്രമങ്ങള്‍ക്ക് വിളിക്കാനൊരുങ്ങുകയാണ് യുഎന്‍.

ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍
അല്‍ താവ്‌റയും തിരക്കേറിയ ഹുദൈദ മത്സ്യതുറമുഖവുമാണ് ഇവര്‍ ആക്രമിച്ചത്. മത്സ്യമാര്‍ക്കറ്റിലുടനീളം ശരീരഭാഗങ്ങള്‍ ചിന്നി ചിതറി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളെ പോലും വെറുതെ വിട്ടില്ല. വീണ്ടും ആക്രമണം ഉണ്ടാവുമോ എന്ന് ഭയവും പലര്‍ക്കുമുണ്ട്. 2014 മുതല്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ഹുദൈദ. യെമനിലേക്ക് ഇറക്കുമതിയുടെ 70 ശതമാനവും ഈ തുറമുഖം വഴിയാണ് വരുന്നത്. അതേസമയം ഹുദൈദ തുറമുഖത്തിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications