ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി ചരിത്രം മാറ്റി മാറിക്കും; രൂപ-ദിർഹം വ്യാപാരവും ശക്തിപ്പെടുന്നു: ഗോയല്‍
ഡൽഹി: ഇന്ത്യയും യുഎഇയും പ്രാദേശിക കറൻസികളിൽ (രൂപ-ദിർഹം) നേരിട്ടുള്ള വ്യാപാരം ആരംഭിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
"ഭക്ഷ്യസുരക്ഷയോ വിദ്യാഭ്യാസമോ ആകട്ടെ... നമുക്ക് യു എ ഇയുമായി ഒരു കരാറുണ്ട്. റുപേ കാർഡുകൾ പ്രൊമോട്ട് ചെയ്യുക... കൂടാതെ യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) യും യു എ ഇയിലെ സമാന സംവിധാനവുമായും ഒരു കരാറുണ്ടാക്കാനും ശ്രമം നടക്കുകയാണ്," ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 ന്റെ പത്താം പതിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ-യുഎഇ ബിസിനസ് ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഗോയൽ പറഞ്ഞു.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയിലൂടെ മിഡിൽ ഈസ്റ്റിലൂടെ ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാനുള്ള ആശയത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇത് കാര്യങ്ങള്‍ മാറ്റി മറിക്കും. സ്റ്റാർട്ടപ്പ് ബ്രിഡ്ജ്, ഡിപി വേൾഡ് ഭാരത് ബസാർ തുടങ്ങിയ പുതിയ മേഖലകൾ ഇരു രാജ്യങ്ങളും വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"സിഇപിഎയുടെ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) ആദ്യ വർഷത്തിൽ നമ്മുടെ വ്യാപാരം വർധിപ്പിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്," ഗോയൽ പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ വരാനിരിക്കുന്ന മന്ത്രിതല സമ്മേളനം (MC13) ഒരു "വലിയ വിജയ"മാക്കുമെന്ന് യുഎഇക്ക് ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. എംസി13 ഫെബ്രുവരി 26-29 തീയതികളിൽ യുഎഇയിൽ നടക്കും.
ഇരുപക്ഷത്തിനും രാഷ്ട്രീയ സ്ഥിരത, ബിസിനസ് സൗഹൃദ നയങ്ങൾ, ഭരണത്തിലെ സുതാര്യത, വലിയ വിദഗ്ധരായ മനുഷ്യശക്തി എന്നിവ ഉണ്ട്. ഇന്ത്യയുടെ വലിയ വിപണി യുഎഇക്ക് സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ നിക്ഷേപിക്കാനും വലിയ അളവിൽ പെട്രോഡോളറുകൾ വിന്യസിക്കാനും അവസരങ്ങൾ നൽകുന്നു. പ്രധാനമന്ത്രി ഗതി ശക്തി വരും വർഷങ്ങളിൽ ലോകത്തെ മുഴുവൻ ആസൂത്രണ ഉപകരണമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎഇയിൽ പ്രത്യേക വ്യാപര പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ഒരു ഗുഡ്‌സ് ഷോറൂമും വെയർഹൗസുകളും സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'ഭാരത് പാർക്ക്' എന്ന പേരിലായിരിക്കും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുക.
മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ സാധനങ്ങൾ വാങ്ങാൻ ഭാരത് പാർക്ക് സൗകര്യമൊരുക്കുമെന്നും പേയ്‌മെന്റ് യുഎഇയിൽ ഉറപ്പാക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ വ്യവസായത്തെ പ്രേരിപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ 21 ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് 40 കോടി രൂപ ചെലവഴിക്കുമെന്ന് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications