കശ്മീരില്‍ ജനഹിത പരിശോധന വേണം: നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: കശ്മീരില്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് ജനഹിത പരിശോധന വേണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നും ഷെരീഫ് പറഞ്ഞു.
കശ്മീര്‍ സ്വതന്ത്രമായാല്‍ അവിടുത്തെ ജനതയെ, സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ല. കശ്മീരിലെ അവകാശത്തെ മാനിച്ച് ജനഹിത പരിശോധന നടത്താനാണ് ഇന്ത്യ തയ്യാറാകേണ്ടത്. കശ്മീര്‍ തര്‍ക്ക ഭൂമിയാണെന്ന് യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കരിദിനം ആചരിക്കുന്ന പാകിസ്താനില്‍ വിവിധ പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്. കശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും അധിനിവേശ ഭൂമിയില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോക സമൂഹത്തിന് ആശങ്കയുളവാക്കുന്നുവെന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് കശ്മീര്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ മൃതദേഹത്തില്‍ പാകിസ്താന്‍ പാതക പുതപ്പിക്കുകയും ചെയ്തിരുന്നു. ഇതിനകം നാല്‍പ്പത്തഞ്ച് പേരാണ് കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications