സൗദിയും ഇറാഖും ഒരുമിച്ച് നിന്നാലും എത്തില്ല; റഷ്യയാണ് ഇപ്പോള്‍ ഇന്ത്യയുടെ കരുത്ത്, പുതിയ കണക്ക്
ഫെബ്രുവരിയില്‍ ഓരോ ദിവസവും ഇന്ത്യ റഷ്യയില്‍ നിന്ന് 16 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. സൗദി-ഇറാഖ് ഒരുമിച്ചുള്ള കണക്കിനേക്കാള്‍ അധികം വരുമിത്.

ദുബായ്: ഗ്രൗണ്ട് അറിഞ്ഞുള്ള കളിയാണ് ഇപ്പോള്‍ ഇന്ത്യ കളിക്കുന്നത്. എണ്ണ ഇറക്കുമതിയില്‍ റഷ്യയെ കൂടുതലായി ആശ്രയിക്കുകയാണ്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ കാര്യമാക്കുന്നില്ല. യൂറോപ്പ് പ്രഖ്യാപിച്ച വില നിയന്ത്രണവും ഇന്ത്യയ്ക്ക് തടസമല്ല.
ഇന്ത്യ വന്‍തോതില്‍ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുന്നുണ്ട്. ഇന്ത്യയുടെ ഇറക്കുമതിയില്‍ ഇതുവരെ മുന്നിലുണ്ടായിരുന്ന സൗദി അറേബ്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. റഷ്യ കഴിഞ്ഞാല്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത്. പുതിയ കണക്ക് ആരെയും ആശ്ചര്യപ്പെടുത്തും. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിവസം 16 ലക്ഷം ബാരല്‍
ഫെബ്രുവരി മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇറക്കിയിരിക്കുന്നത് റഷ്യയില്‍ നിന്നാണ്. ജനുവരിയിലും റഷ്യയില്‍ നിന്നു തന്നെയാണ് കൂടുതല്‍ ഇറക്കിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇറക്കുമതി. ഒരു ദിവസം 16 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കിയത്.

സൗദിയും ഇറാഖും
ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 35 ശതമാനവും റഷ്യയില്‍ നിന്നാണ് എന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാം സ്ഥാനത്തുള്ള ഇറാഖ്, മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യ എന്നീ രാജ്യങ്ങങളില്‍ നിന്ന് മൊത്തമായി ഇറക്കിയത് 34 ശതമാനമാണ്. ഈ രണ്ട് രാജ്യങ്ങളില്‍ നിന്ന് ഇറക്കുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്ന് മാത്രമായി ഇന്ത്യ ഇറക്കി.

മറ്റു രാജ്യങ്ങള്‍ ആശങ്കയില്‍
എണ്ണ ഉപയോഗത്തില്‍ ലോകത്തെ പ്രധാന വിപണിയാണ് ഇന്ത്യ. ചൈന, അമേരിക്ക, റഷ്യ, ദക്ഷിണ കൊറിയ, ജാപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് എണ്ണ ഉപയോഗത്തില്‍ പ്രധാനപ്പെട്ട മറ്റു വിപണികള്‍. ഇന്ത്യന്‍ വിപണി മൊത്തമായി റഷ്യ പിടിക്കുമെന്ന ആശങ്കയിലാണ് മറ്റു രാജ്യങ്ങള്‍. ഓരോ മാസവും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമ്പരപ്പിക്കും വിധത്തിലാണ് ഇന്ത്യ കൂട്ടിവരുന്നത്.

അവസരം മുതലെടുക്കുന്നു
2021ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വെറും ഒരു ശതമാനം മാത്രമാണ് എണ്ണ ഇറക്കിയിരുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കുന്നതിന് വലിയ ചെലവാണ്. ഇതാണ് ഇന്ത്യ റഷ്യയെ ഇതുവരെ അകറ്റി നിര്‍ത്താന്‍ കാരണമായിരുന്നത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വില കുത്തനെ കുറച്ചാണ് റഷ്യ എണ്ണ നല്‍കുന്നത്. ഈ അവസരം ഇന്ത്യ മുതലെടുക്കുകയാണ്.

പ്രതിസന്ധികള്‍ ഇങ്ങനെ
മാത്രമല്ല, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ഇറക്കിയിരുന്ന എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുക്രൈനെ ആക്രമിക്കുന്നത് കാരണം റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ് അമേരിക്ക. റഷ്യ വന്‍തോതില്‍ വില കുറയ്ക്കുന്നത് തടയാന്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂറോപ്പ്. ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇന്ത്യ വന്‍തോതില്‍ വാങ്ങുന്നത്.

സൗദിയുടെ പേടി
നേരത്തെ സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് 43 ശതമാനം എണ്ണയാണ് ഇന്ത്യ ഇറക്കിയിരുന്നത്. റഷ്യയുടെ കുതിച്ചു ചാട്ടത്തോടെ ഇത് 34 ശതമാനമായി കുറഞ്ഞിരിക്കുന്നു. ലോകത്തെ പ്രധാന വിപണി സൗദിക്കും ഇറാഖിനും നഷ്ടപ്പെടുമോ എന്ന ആശങ്കയും വിപണിയിലുണ്ട്. മാത്രമല്ല, അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവും ഇന്ത്യ കുറച്ചു.

മറ്റൊരു പ്രധാന കാര്യം
അസംസ്‌കൃത എണ്ണ മാത്രമല്ല ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുന്നത് എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളും ഇറക്കുന്നുണ്ട്. ലിക്വുഡ് ഹൈഡ്രോ കാര്‍ബണ്‍ മിശ്രിതമായ നാഫ്തയുടെ ഇറക്കുമതി വര്‍ധിപ്പിച്ചത് ഇതിന് ഉദാഹരമാണ്. റഷ്യയില്‍ നിന്നുള്ള നാഫ്തയുടെ ഇറക്കുമതി 15 ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ ഓരോ ദിവസവും 57000 ബാരലാണ് നാഫ്ത ഇറക്കിയിരിക്കുന്നത്.












Click it and Unblock the Notifications