അമേരിക്കന്‍ ഉപരോധത്തിന് തിരിച്ചടി; ഇറാന്‍ മിസൈല്‍ പദ്ധതിക്കായി 520 ദശലക്ഷം ഡോളര്‍ വകയിരുത്തി
ഇറാനു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിന് തിരിച്ചടിയായി ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ശക്തിപ്പെടുത്താന്‍ ഇറാന്‍ നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയായി പദ്ധതിക്കായി 520 ദശലക്ഷം ഡോളര്‍ വകയിരുത്താന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. ഹാജരായ 244ല്‍ 240 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു പാര്‍ലമെന്റിന്റെ തീരുമാനം.
മിസൈല്‍ പദ്ധതി ശക്തിപ്പെടുത്തുന്നതിനു പുറമെ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് ഇറാന്‍ സൈനികവിഭാഗമായ റവലൂഷനറി ഗാര്‍ഡിന്റെ പരിശീലനം ശക്തിപ്പെടുത്താനും പാര്‍ലമെന്റ് തീരുമാനമെടുത്തു. 'അമേരിക്കയ്ക്ക് മരണം' എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പാര്‍ലമെന്റംഗങ്ങള്‍ ഈ തീരുമാനം കൈക്കൊണ്ടത്.

ഇറാന്റെ മിസൈല്‍ പദ്ധതിക്കെതിരായ പ്രതികാര നടപടിയായി രാജ്യത്തിനെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ബില്ലിന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്ാള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം. ഉപരോധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിനു മറുപടിയായി തങ്ങളുടെ റോക്കറ്റ് ഉപയോഗിച്ച് സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഇറാന്റെ ശ്രമം വിജയിച്ചിരുന്നു. 2015ലുണ്ടാക്കിയ ആണവ കരാറിന്റെ ലംഘനമാണ് തങ്ങള്‍ക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനമെന്നാണ് ഇറാന്റെ വാദം. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങള്‍ വികസിപ്പിക്കുന്നില്ലെന്നും ഇറാന്‍ പറയുന്നു.












Click it and Unblock the Notifications