• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐസിസിന്റെ പണി തീരുന്നു; അവര്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ലാതായി

  • By Ashif

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ പിടിമുറുക്കിയിരുന്ന ഐസിസിന്റെ പണി ഏകദേശം അസ്തമിക്കുന്നു. സിറിയയില്‍ മാത്രമായി അവര്‍ ഒതുങ്ങുന്നുവെന്നാണ് ഒടുവിലത്തെ റിപോര്‍ട്ടുകള്‍. സംഘടനയുടെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സഹചാരികള്‍ക്കും ഉപദേശകര്‍ക്കും വിദേശസൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല.

അതിര്‍ത്തി കടന്നുള്ള ഒരു നീക്കങ്ങള്‍ക്കും അവര്‍ക്കിപ്പോള്‍ സാധിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രറ്റ് മക്ഗുര്‍ക് അവകാശപ്പെടുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുടെ അവകാശവാദങ്ങള്‍ എത്രത്തോളം വിശ്വാസത്തിലെടുക്കാമെന്നത് മറ്റൊരു പ്രശ്‌നമാണ്. കാരണം അബൂബക്കര്‍ അല്‍ ബഗ്ദാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. സമീപ ഭാവിയില്‍ ഐസിസ് ഒടുങ്ങിയാല്‍ തന്നെ അമേരിക്കയും സഖ്യരാജ്യങ്ങളും അറബ് സൈന്യവും ഉടന്‍ സിറിയ വിടുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അമേരിക്കക്ക് പുറമെ, റഷ്യയും അറബ് രജ്യങ്ങളും സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ആക്രമണം തുടരുന്നത് ആ രാജ്യത്തെ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. തുണീഷ്യയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയെന്നോണം നാല് വര്‍ഷം മുമ്പ്് തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴി മാറുകയും വിദേശസൈന്യം എത്തുകയും ചെയ്തതോടെയാണ് സിറിയ യുദ്ധഭൂമിയായത്.

ഐസിസ് മന്ത്രിമാര്‍ കൊല്ലപ്പെട്ടു

ഐസിസിന് നിയന്ത്രണമുള്ള പ്രദേശങ്ങള്‍ സിറിയയില്‍ ചുരുങ്ങിയിട്ടുണ്ട്. അമേരിക്കന്‍ നേതൃത്വത്തിലുള്ള ആക്രമണത്തില്‍, ഐസിസിന്റെ ആസ്ഥാനമായി കരുതുന്ന സിറിയയിലെ റഖയിലുള്ള ബഗ്ദാദിയുടെ മിക്ക കീഴുദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ബഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്ന് കരുതിയിരുന്ന ഹാജി ഇമാനും യുദ്ധം, ധനകാര്യം, എണ്ണ, വാതക സുരക്ഷ, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും കൊല്ലപ്പെട്ടുവെന്നു മക്ഗുര്‍ക് പറഞ്ഞു. ഈ വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും അത്ര കാര്യക്ഷമമല്ല. മധ്യധരണ്യാഴിയിലേക്ക് എത്തുന്നതിന് വലിയ തടസമാണ് സൈനികര്‍ തീര്‍ത്തിട്ടുള്ളത്. ഇറാഖിലെ ഐസിസ് കേന്ദ്രങ്ങളിലേക്ക് റഖയില്‍ നിന്നുള്ള വഴി സഖ്യസേന തകര്‍ത്തിട്ടുണ്ട്. സിറിയന്‍ വിമത സേനയും അറബ് സഖ്യസേനയും കുര്‍ദുകളും റഖയിലേക്ക് മുന്നേറ്റം തുടരുകയാണ്.

അമേരിക്ക അത്രവേഗം മതിയാക്കില്ല

രണ്ട് വര്‍ഷം മുമ്പ് ആക്രമണം ആരംഭിക്കുമ്പോള്‍ അമേരിക്ക പരിശീലിപ്പിച്ചെടുത്ത 65000 ഇറാഖി പട്ടാളക്കാരാണ് മുന്നേറ്റം ശക്തമാക്കിയിട്ടുള്ളത്. ഇറാഖില്‍ മൗസില്‍ പട്ടണത്തില്‍ മാത്രമായി ഐസിസ് ഒതുങ്ങുന്ന കാഴ്ചയാണിപ്പോള്‍. ഐസിസിന്റെ നിയന്ത്രണത്തില്‍ ഇറാഖിലുണ്ടായിരുന്ന 61 ശതമാനം പ്രദേശങ്ങളും തിരിച്ചുപിടിച്ചുകഴിഞ്ഞു. എന്നാല്‍ തുര്‍ക്കി അതിര്‍ത്തിയിലെ 98 കിലോമീറ്റര്‍ പ്രദേശം ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്. ഇതുവഴിയാണ് അവരുടെ ചരക്ക് ഗതാഗതം. ഇതു തകര്‍ക്കുകയാണ് വിദേശസൈന്യത്തിന്റെ അടുത്ത ലക്ഷ്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഐസിസ് ഭീഷണിയാണെന്ന് തന്നെയാണ് മക്ഗുര്‍ക് പറയുന്നത്. അതുകൊണ്ട് തന്നെ മേഖലയിലെ ആക്രമണം ഉടന്‍ നിര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സിറിയയില്‍ അധികാരത്തിലാര്?

റഷ്യന്‍ വ്യോമസേനയുടെ ആക്രമണങ്ങള്‍ മാത്രമല്ല സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന് അകമ്പടി. പതിനായിരത്തിലധികം വരുന്ന ശിയാ സായുധരുമുണ്ട്. ഈ സംഘങ്ങള്‍ക്കൊന്നും കേന്ദ്രീകൃത നേതൃത്വമില്ലെന്നതാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയത്. ഓരോ സംഘങ്ങളും തോന്നിയപോലെ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഏതെങ്കിലും ഒരു വിഭാഗം തീരുമാനിച്ചാല്‍ നടക്കില്ല. ഓരോ ഭാഗത്തും ചില യുദ്ധപ്രഭുക്കളും നാടുവാഴുന്നുണ്ട്. യുദ്ധം അവസാനിക്കുകയും ഈ വിഭാഗങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ സമാധാനത്തിന്റെ വഴിയിലെത്തിച്ചാലോ സിറിയയില്‍ സമാധാനം പുലരു.

ഇനിയും വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍

അലപ്പോയുടെ ഭൂരിഭാഗം പ്രദേശങ്ങളും സിറിയന്‍ സൈന്യത്തിന്റെ കീഴിലായിട്ടുണ്ടെങ്കിലും ഇപ്പോഴും വെടിയൊച്ചകള്‍ നിലച്ചിട്ടില്ല. അലപ്പോ കൂടി വീണാല്‍ യുദ്ധം തീരുമോ, രാഷ്ട്രീയ പരിഹാരം ഇനിയെങ്കിലും സാധ്യമാണോ-പ്രത്യേകിച്ച് സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിനും സഖ്യരാജ്യങ്ങളായ ഇറാനും റഷ്യക്കും താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാശര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കിയാവുമോ രാഷ്ട്രീയ പരിഹാരം, അക്രമങ്ങള്‍ കുറയാന്‍ സാധ്യതയുണ്ടോ, ആരായിരിക്കും ഭാവിയില്‍ സിറിയയുടെ ഭരണാധികാരി, അസദ് യുദ്ധത്തില്‍ ജയിക്കുമോ-ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരത്തിന് ഇനിയും കാത്തിരിക്കണം.

English summary
ISIS now has no access to international border and this has significantly impacted the overall strike because they are now a very isolated entity within Syria and it is much harder for them to come in and out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more