പുതിയ തന്ത്രവുമായി നെതന്യാഹു; പ്രതിപക്ഷത്തേയും കൂട്ടി ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചു
ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധം മുറുകുന്നതിനിടെ ഇസ്രായേലില്‍ സംയുക്ത യുദ്ധകാല സര്‍ക്കാര്‍ രൂപീകരിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്‍ പ്രതിരോധ മേധാവിയും മധ്യപക്ഷ പ്രതിപക്ഷ പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്റ്സും അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചതായി ഗാന്റ്സിന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രധാനമന്ത്രി നെതന്യാഹു, ബെന്നി ഗാന്റ്സ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരടങ്ങുന്ന ഒരു യുദ്ധകാല മന്ത്രിസഭ രൂപീകരിക്കാന്‍ കക്ഷികള്‍ സമ്മതിച്ചു. ഗാസയില്‍ ഹമാസുമായുള്ള പോരാട്ടവുമായി ബന്ധമില്ലാത്ത നയങ്ങളോ നിയമങ്ങളോ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഗാന്റ്സും നെതന്യാഹുവും ടെല്‍ അവീവിലെ കിര്യ സൈനിക ആസ്ഥാനത്ത് വെച്ച സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

പുതിയ സാഹചര്യം ഇസ്രായേലി രാഷ്ട്രീയ വിന്യാസത്തില്‍ താല്‍ക്കാലികമായെങ്കിലും ഒരു മാറ്റത്തെ അടയാളപ്പെടുത്തും. പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ മന്ത്രിസഭയില്‍ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്. ഗാന്റ്സും സഹ നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗം ഗാഡി ഐസെന്‍കോട്ടും മുന്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ആണ്, ഗാന്റ്സ് മുന്‍ പ്രതിരോധ മന്ത്രി കൂടിയാണ്.
പുതിയതോ നിലവിലുള്ളതോ ആയ ക്യാബിനറ്റ് പദവികള്‍ ഏറ്റെടുക്കുന്നതിന് പകരം തങ്ങളുടെ പ്രതിനിധികളെ പോര്‍ട്ട്‌ഫോളിയോകളില്ലാതെ മന്ത്രിമാരാക്കണമെന്നാണ് നാഷണല്‍ യൂണിറ്റി പാര്‍ട്ടി നിര്‍ദേശിക്കുന്നത്. ഇത് സഖ്യത്തിലെ നിലവിലെ തീവ്ര വലതുപക്ഷ, തീവ്ര ഓര്‍ത്തഡോക്‌സ് അംഗങ്ങളെപ്പോലുള്ള സൈനിക പരിചയമില്ലാത്ത മന്ത്രിമാരെ ഒഴിവാക്കുന്നതിനുള്ള വ്യക്തമായ സൂചനയാണ് എന്നാണ് വിലയിരുത്തല്‍.
യുദ്ധസമയത്ത് ഗവണ്‍മെന്റിനും സുരക്ഷാ സേനയ്ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് നാഷണല്‍ യൂണിറ്റി പാര്‍ട്ടി പറഞ്ഞു. അതേസമയം അന്തിമ തീരുമാനം തന്റേത് തന്നെ ആയി നിലനിര്‍ത്താന്‍ നെതന്യാഹു ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച തന്നെ സംയുക്ത സര്‍ക്കാര്‍ രൂപീകരിത്താന്‍ നെതന്യാഹു ആഗ്രഹിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐക്യ സര്‍ക്കാരിന് അംഗീകാരം നല്‍കാനുള്ള സഖ്യ തലവന്മാരുടെ രാത്രി 11 വരെ നീണ്ടതോടെ നടപടിക്രമങ്ങള്‍ വൈകി.
അതേസമയം യുദ്ധത്തില്‍ ഇരുവശത്തും ജീവഹാനിയും നാശനഷ്ടവും വര്‍ധിക്കുകയാണ്. നാല് ദിവസം കൊണ്ട് 3600 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം പേര്‍ക്ക് യുദ്ധത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും യുദ്ധത്തില്‍ നിലംപൊത്തി.












Click it and Unblock the Notifications