ഗാസ ആശുപത്രി ആക്രമണം, മരണം 500 കടന്നു; പ്രതിഷേധിച്ച് അറബ് രാജ്യങ്ങള്‍, 100 മില്യണ്‍ അടിയന്തര സഹായം
ഗാസ: ഗാസയിലെ ആശുപത്രിക്കെതിരായ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ പറഞ്ഞു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈല്‍ തന്നെയാണ് ആശുപത്രിക്ക് മേല്‍ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം.
ഇസ്രായേല്‍ സൈന്യമല്ല, ഗാസയിലെ ക്രൂരരായ ഭീകരരാണ് ആശുപത്രിയെ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം പ്രതിഷേധം അറിയിച്ചു. നിലവിലെ അക്രമത്തിനിടെ ഗാസയില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇസ്രായേല്‍ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് പലസ്തീന്‍ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മൈ അല്‍കൈല ആരോപിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തലേന്നാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. റഷ്യയും യുഎഇയും അടിയന്തരമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജോ ബൈഡനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയുമായും നടത്താനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി.
പലസ്തീന്‍ നേതാവ് മഹ്‌മൂദ് അബ്ബാസ് നേരത്തെ യോഗത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആശുപത്രിക്കെതിരെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പലരും സ്ത്രീകളും കുട്ടികളുമാണ്. അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേലിന്റെ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം' തടയാന്‍ യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ ലോക സംഘടനയോട് ആവശ്യപ്പെട്ടു. യുഎന്നിലെ അറബ് പ്രതിനിധികള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്. മിഡില്‍ ഈസ്റ്റിലും മറ്റും വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
ക്രൂരമായ കൂട്ടക്കൊല, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമനാണ് എന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന് ജിസിസി രാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയ്ക്ക് 100 മില്യണ്‍ അടിയന്തര സഹായം നല്‍കുമെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം.
വീട് വിട്ട ആയിരങ്ങള്‍ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം. 4000 അഭയാര്‍ത്ഥികള്‍ എങ്കിലും ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് അറിയിച്ചു.












Click it and Unblock the Notifications