തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ല; അക്രമം ഒഴിവാക്കണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍: ഇസ്രായേലും പലസ്തീന്‍ സായുധ സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ പ്രതികരണമാവുമായി മാര്‍പാപ്പ. അക്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. തീവ്രവാദവും യുദ്ധവും ഒന്നിനും പരിഹാരമല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഇവ രണ്ടും നിരപരാധികളായ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും മരണവും മാത്രമേ നല്‍കൂവെന്ന് പോപ് ഫ്രാന്‍സിസ് ഓര്‍മിപ്പിച്ചു.
'യുദ്ധം ഒരു തോല്‍വിയാണ്, ഒരു പരാജയം മാത്രം. ഇസ്രായേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം,' സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രതിവാര പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് അപ്രതീക്ഷിതമായി ഇസ്രായേലില്‍ നുഴഞ്ഞ് കയറി ആക്രമണം അഴിച്ചുവിട്ടത്. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇരുപക്ഷത്തുമായി ഇതിനോടകം 600 ലേറെ പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിലേറെയായി തെക്കന്‍ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ വെടിവയ്പ്പ് തുടരുകയാണ്. തങ്ങളുടെ പോരാളികള്‍ ഇപ്പോഴും ഇസ്രയേലില്‍ പലയിടത്തും രൂക്ഷമായ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് പറഞ്ഞു.
ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ 300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ പ്രതിരോധ സേന ആരംഭിച്ച പ്രത്യാക്രമണത്തില്‍ ഗാസയില്‍ 313 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഒഫാകിം, സ്ഡെറോട്ട്, യാദ് മൊര്‍ദെചായ്, ക്ഫാര്‍ അസ, ബീരി, യതിദ്, കിസുഫിം എന്നിവയുള്‍പ്പെടെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇസ്രായേലി പ്രദേശങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് ഹമാസ് നടത്തുന്നത്.
നൂറോളം സൈനികരെയും സാധാരണക്കാരെയും ഹമാസ് തട്ടിക്കൊണ്ടുപോയതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. 'ഭീകരര്‍ വീടുകളില്‍ അതിക്രമിച്ച് കയറി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തു. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ഇസ്രായേലിനുള്ളില്‍ സൈനികരുമായി പോരാടുകയാണ്,' സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞു. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ഗാസയിലെ ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഹമാസിന്റെ ആയുധ കേന്ദ്രങ്ങളും സാമ്പത്തിക സഹായം നല്‍കുന്ന ബാങ്കുകളും തകര്‍ന്നതായാണ് വിവരം. ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ആക്രമണം രൂക്ഷമായിരിക്കുമെന്ന മുന്നറിയിപ്പും ഇസ്രായേല്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications