തുര്‍ക്കി ഉടക്കി; ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വിലക്ക്, കപ്പലുകളും അടുപ്പിക്കില്ല, ഇതാണ് കാരണം
അങ്കാറ: ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി തുര്‍ക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച ഇതോടെ കൂടുതല്‍ ശക്തമായി. ഇസ്രായേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ ആകാശത്ത് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടാണ് പുതിയ പ്രഖ്യാപനം. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍ ആണ് ഇക്കാര്യം തുര്‍ക്കിയുടെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് തുര്‍ക്കിയുടെ നടപടി. ഗാസ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായി തുര്‍ക്കി പാര്‍ലമെന്റ് യോഗം വിളിച്ചു. ഈ യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നതിലൂടെ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണ് എന്നും തുര്‍ക്കി കുറ്റപ്പെടുത്തി.

ഇസ്രായേലുമായുള്ള എല്ലാ സാമ്പത്തിക-വ്യാപാര ഇടപാടുകളും റദ്ദാക്കിയതായി തുര്‍ക്കി പ്രഖ്യാപിച്ചു. ഇസ്രായേലിലേക്ക് വരുന്നതോ പോകുന്നതോ ആയ ഒരു വിമാനങ്ങള്‍ക്കും തുര്‍ക്കിയുടെ ആകാശത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. കപ്പലുകള്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ലോകത്തിന്റെ മുന്നില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഇസ്രായേല്‍ അവഗണിച്ചു എന്ന് മന്ത്രി ഫിദാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇസ്രായേലുമായുള്ള വ്യാപാര ബന്ധം തുര്‍ക്കി നിര്‍ത്തിവച്ചിരുന്നു. ഗാസയില്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു തുര്‍ക്കി. എന്നാല്‍ ഇതൊന്നും ഇസ്രായേലിനെ പിന്നോട്ടടിച്ചില്ല. ഇപ്പോഴും ആക്രമണം തുടരുകയും ഭക്ഷണവും മരുന്നും തടയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നടപടി കടുപ്പിച്ചത്.
2023ല്‍ തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള വ്യാപാരം 700 കോടി ഡോളറിന്റേതായിരുന്നു. ഒരു ലക്ഷത്തിലധികം ഇസ്രായേലി വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും തുര്‍ക്കി സന്ദര്‍ശിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ എല്ലാം അസാധ്യമായി. തുര്‍ക്കിയുടെ കപ്പലുകള്‍ക്ക് ഇസ്രായേലിലേക്ക് പോകുന്നതിനും തുര്‍ക്കി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മുമ്പും സമാന സാഹചര്യം
അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ അടുത്തിടെ ആക്രമണം ശക്തമാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ആക്രമിച്ചത് സിറിയയെ ആണ്. അധികാര പരിധി വിപുലീകരിക്കാന്‍ ഇസ്രായേല്‍ നടത്തുന്ന നീക്കം സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് തുര്‍ക്കി പറയുന്നു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കണം എന്ന നിലപാടാണ് തുര്‍ക്കിക്ക്.
തുര്‍ക്കിയുടെ നീക്കം ഇസ്രായേലിന് തിരിച്ചടിയാണ് എന്ന് ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകനായ അകിവ എല്‍ദര്‍ പറയുന്നു. വര്‍ഷങ്ങളായി ഇസ്രായേലുമായി ബന്ധം നിലനിര്‍ത്തുന്ന രാജ്യായിരുന്നു തുര്‍ക്കി. ഇസ്രായേലി ചരക്കുകളുടെ പ്രധാന വിപണി കൂടിയായിരുന്നു തുര്‍ക്കി എന്നും എല്‍ദര്‍ പറഞ്ഞു.
അസര്‍ബൈജാനിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പുറപ്പെട്ട ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ വിമാനത്തിന് തുര്‍ക്കി പ്രവേശന അനുമതി നല്‍കിയിരുന്നില്ല. 2010ല്‍ ഇസ്രായേലുമായുള്ള ബന്ധം തുര്‍ക്കി സമാനമായ രീതിയില്‍ നിര്‍ത്തിവച്ചിരുന്നു. ഗാസയിലേക്ക് പോയ 10 തുര്‍ക്കി പൗരന്മാരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.












Click it and Unblock the Notifications